ദുരഭിമാനക്കൊലയുടെ ഇര കൗസല്യയ്ക്ക് കൂട്ടായി ഇനി ശക്തി; ജാതിക്കൊലകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് ദമ്പതികള്‍

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയതമനെ കണ്‍മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനും അമ്മാവനും നിയമപോരാട്ടത്തിനൊടുവില്‍ കൊലക്കയര്‍ ഉറപ്പുവരുത്തിയാണ് കൗസല്യ

കോയമ്പത്തൂര്‍: ദുരഭിമാനക്കൊലയുടെ ഇര ഉദുമലൈ കൗസല്യ വീണ്ടും വിവാഹിതയായി. നാടക കലാകാരനായ പറൈ വാദകന്‍ ശക്തിയാണ് വരന്‍. കോയമ്പത്തൂരിലെ തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം ഓഫിസില്‍ വെച്ചായിരുന്നു വിവാഹം.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയതമനെ കണ്‍മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനും അമ്മാവനും നിയമപോരാട്ടത്തിനൊടുവില്‍ കൊലക്കയര്‍ ഉറപ്പുവരുത്തിയാണ് കൗസല്യ പുതിയജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

2016ലാണ് ദളിതനായ ശങ്കര്‍ എന്ന യുവാവിനെ ഉദുമലൈ കൗസല്യ വിവാഹം ചെയ്തത്. എന്നാല്‍ ദളിതനായ യുവാവിനെ വിവാഹം കഴിച്ചതു കാരണം കൗസല്യയുടെ വീട്ടുകാര്‍ ശങ്കറിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പട്ടാപ്പകല്‍ കൗസല്യയുടെ മുന്നിലിട്ട് ശങ്കറിനെ വീട്ടുകാര്‍ വെട്ടിക്കൊല്ലുന്നത്.

ഈ കേസില്‍ കൗസല്യയുടെ രക്ഷിതാക്കളടക്കം 11 പേര്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കൗസല്യയുടെ പിതാവിന് വധശിക്ഷയാണ് തിരുപ്പൂര്‍ കോടതി വിധിച്ചത്. 2017 ഡിസംബര്‍ 12നാണ് വിധി പുറപ്പെടുവിച്ചത്.

സംഭവം നടക്കുമ്പോള്‍ വെറും 19 വയസ് മാത്രമായിരുന്നു കൗസല്യയുടെ പ്രായം. ആക്രമണത്തില്‍ കൗസല്യക്കും സാരമായി പരുക്കേറ്റു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് കൗസല്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സംഭവശേഷം പളനിയില്‍ നിന്നും ഡിണ്ടിഗലിലേക്ക് പോയ കൗസല്യ പിന്നീട് ജാതിവിവേചനത്തിനും ദുരഭിമാനകൊലകള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

സാമൂഹിക നവീകരണം താന്‍ അഭ്യസിക്കുന്ന നാടന്‍കലയിലൂടെ സാധ്യമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് കോയമ്പത്തൂര്‍കാരനായ ശക്തി. പ്രണയിക്കുന്നവര്‍ക്കോ വ്യത്യസ്ത മതങ്ങളില്‍ നിന്ന് വിവാഹം ചെയ്യുന്നവര്‍ക്കോ തങ്ങളുടെ വീടുകളില്‍ എപ്പോള്‍ വേണമെങ്കിലും വരാമെന്നും അഭയം പ്രാപിക്കാമെന്നും ഇന്ന് കൗസല്യയും ശക്തിയും ഉറപ്പുനല്‍കി.

സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും വീട്ടിലേക്ക് സ്വാഗതം. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നും ദമ്പതികള്‍ വ്യക്തമാക്കി.

Exit mobile version