പിടിമുറുക്കി കോവിഡ്; ഡല്‍ഹിയില്‍ അതീവഗുരുതര സാഹചര്യം; മരണനിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവ്

ന്യൂഡല്‍ഹി: ശമനമില്ലാതെ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും റെക്കോര്‍ഡ് വര്‍ധനവ് ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്നു.

പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്. ഒക്ടോബര്‍ 28 ന് ശേഷമാണ് ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 കേസുകള്‍ ഡല്‍ഹിയില്‍ മാത്രം സ്ഥിരീകരിച്ചു. റിപ്പോര്‍ട്ട് ചെയ്തത് 912 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിലധികം പരിശോധനകള്‍ നടന്നു.

13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, 10 ദിവസത്തിനുള്ളില്‍ മൂന്നാംഘട്ട വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. രാജ്യത്താകമാനം കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇതിനോടകം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 87,73,479 ആയി.

മരണസംഖ്യ 1, 29,188 ആയി ഉയര്‍ന്നു. അരലക്ഷത്തില്‍ താഴെയാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 93 ശതമാനമായി ഉയര്‍ന്നപ്പോള്‍ മരണ നിരക്ക് 1.47 ശതമാനമായി തുടരുന്നു. അഞ്ചു മാസത്തിന് ശേഷം തമിഴ്നാട്ടിലെ പ്രതിദിന കേസ് രണ്ടായിരത്തിന് താഴെയായി. മഹാരാഷ്ട്രയില്‍ 4132 ഉം, ബംഗാളില്‍ 3835 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version