വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നെന്ന് ദിഗ്‌വിജയ് സിങ്; പരാജയത്തെ അംഗീകരിക്കണമെന്ന് ബിജെപി

ഭോപ്പാൽ: മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തി. മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയതുകൊണ്ടാണ് കോൺഗ്രസ് പിന്നോട്ടുപോയത്. കൃത്രിമം നടന്നില്ലെങ്കിൽ ചില മണ്ഡലങ്ങൾ കോൺഗ്രസിന് ഒരു കാരണവശാലും നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം വോട്ടെണ്ണൽ പുരോഗമിക്കവെ അവകാശപ്പെട്ടു.

കൃത്രിമം നടത്താൻ സാധിക്കാത്തവയല്ല വോട്ടിങ് യന്ത്രങ്ങൾ. അവ തിരഞ്ഞുപിടിച്ച് കൃത്രിമം നടത്തുകയാണ് ചെയ്തത്. ഒരു കാരണവശാലും കോൺഗ്രസിനെ കൈവിടാത്ത മണ്ഡലങ്ങളിൽ കോൺഗ്രസ് ആയിരക്കണക്കിന് വോട്ടുകൾക്ക് പിന്നാക്കംപോയി. കോൺഗ്രസിന്റെ യോഗം നാളെ ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോൺഗ്രസ് തോൽവി അംഗീകരിക്കണമെന്ന് പ്രതികരിച്ച് ബിജെപി രംഗത്തെത്തി. പരാജയത്തെ ന്യായീകരിക്കാൻ വേണ്ടിയാണ് ദിഗ്‌വിജയ് സിങ് ഇത്തരം കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദിഗ്‌വിജയ് സിങ്ങിന്റെ പാർട്ടി 114 സീറ്റുകളിൽ വിജയിച്ചപ്പോൾ ഇവിഎമ്മുകൾക്ക് തകരാർ ഉണ്ടായിരുന്നില്ലേ എന്ന് ആരോപണം തള്ളിക്കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞു. യാഥാർഥ്യം അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ചൗഹാൻ പ്രതികരിച്ചു.

Exit mobile version