ബിഹാര്‍ തെരഞ്ഞെടുപ്പ്; 20 ഇടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജാര്‍ഖണ്ഡിലേക്ക് മാറ്റും, തീരുമാനം അട്ടിമറി സാഹചര്യം ഉണ്ടാകാതിരിക്കാന്‍

പാട്‌ന: ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്ന 20 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജാര്‍ഖണ്ഡിലേക്ക് മാറ്റാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. അട്ടിമറി സാഹചര്യം ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്നാണ് വിവരം.

ഇക്കാര്യം കോണ്‍ഗ്രസ് കേന്ദ്രങ്ങളാണ് അറിയിച്ചത്. എന്‍ഡിഎയുടെ ലീഡ് കുറയുകയും ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 122 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

എംജിബി 113 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്. ഇത് വരും മണിക്കൂറുകളില്‍ നിര്‍ണായകമാകും. ലീഡ് നില മാറിമറിയുന്നതിനുള്ള സാധ്യതയുണ്ട്.
ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും. അന്തിമഫലം വരെ കാത്തിരിക്കണമെന്ന് അണികളോട് ആര്‍ജെഡി നേതൃത്വം ആവശ്യപ്പെട്ടു.

Exit mobile version