ബിഹാറിൽ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ്; മോഡി എന്തിനും മടിക്കില്ലെന്ന് അധ്യക്ഷൻ; വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി

പാട്‌ന: വോട്ടെണ്ണലിന് മുമ്പ് ബിഹാറിൽ രാഷ്ട്രീയ നാടകം ആരംഭിച്ചു. ഇത്തവണ ഉറച്ച വിജയപ്രതീക്ഷയുള്ള കോൺഗ്രസ് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ പാട്‌നയിലെ റിസോർട്ടിലേക്ക് മാറ്റുകയാണ്. നേരത്തെ തന്നെ, ബിഹാർ തെരെഞ്ഞെടുപ്പിൽ കുതിരക്കച്ചവടം നടക്കുമോയെന്ന് ഭയമുണ്ടെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ശ്യാംസുന്ദർ സിങ് പ്രതികരിച്ചിരുന്നു.

നരേന്ദ്ര മോഡി എന്തിനും മടിക്കില്ല, എന്നാൽ ആത്മാർത്ഥതയുള്ള നേതാക്കളെ വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് വിശ്വാസം. കുതിരക്കച്ചവടം തടയാനുള്ള ജാഗ്രത ഹൈക്കമാന്റിനുണ്ടെന്നും ശ്യാം സുന്ദർ സിംഗ് പറഞ്ഞു.

അതേസമയം, തേജസ്വി യാദവ് മുന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പിൽ ബിഹാറിലെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ സഖ്യത്തിന് വലിയ പ്രതീക്ഷയാണുള്ളത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം മുതലെടുത്താണ് പ്രതിപക്ഷ സഖ്യം വോട്ടുപിടിക്കുന്നത്. എന്നാൽ നരേന്ദ്ര മോഡിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് എൻഡിഎയുടെ വേട്ടുതേടൽ. നിതീഷ് കുമാറിനെ ഐക്കണായി ഉയർത്തിക്കാണിക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിച്ചതും ശ്രദ്ധേയമായിരിക്കുകയാണ്. എക്‌സിറ്റ്‌പോളുകൾ നൽകുന്ന വലിയ വിജയമെന്ന ഫലം തേജസ്വി യാദവിന് സ്വന്തമായാൽ പ്രതിപക്ഷ ചേരിക്ക് അത് വൻ ഊർജ്ജം പകരും.

Exit mobile version