നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചു; നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചുവെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘നികുതി കൃത്യമായി അടയ്ക്കുകയും സുതാര്യത കൈവരികയും ചെയ്തു. ഇത് രാജ്യത്തിന്റെ പുരോഗതിയെ ഗുണപരമായി ബാധിച്ചു’, മോഡി ട്വീറ്റ് ചെയ്തു.

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 1000, 500 കറന്‍സികള്‍ റദ്ദാക്കിയത്. കള്ളപ്പണം നിര്‍ത്തലാക്കുക, ക്യാഷ്ലെസ് സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 4 വര്‍ഷം മുമ്പ് നോട്ടുനിരോധനം നടപ്പാക്കിയത്.

എന്നാല്‍, ഒറ്റ രാത്രി കൊണ്ട് നിരോധിച്ചത് 15.41 ലക്ഷം കോടിയുടെ നോട്ടുകള്‍ ആണെങ്കിലും 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 2019 ഫെബ്രുവരി വരെ നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ 1.3 ലക്ഷം കോടി കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

നോട്ടു നിരോധനം നടപ്പാക്കിയ 2016-ല്‍ 6.32 ലക്ഷം കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. അടുത്ത നാല് വര്‍ഷങ്ങളില്‍ 18.87 ലക്ഷം കള്ള നോട്ടുകളും കണ്ടെത്തിയിരുന്നു.

Exit mobile version