ആരോഗ്യസേതുവിലും എന്‍ഡിഎ ‘നോ ഡേറ്റ അവെയ്‌ലബിള്‍’; വീണ്ടും മോഡി സര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചതാരാണെന്ന് അറിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മറുപടിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. ‘എന്‍ഡിഎ എന്നാല്‍ നോ ഡേറ്റ അവെയ്‌ലബിള്‍’ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെ തരൂര്‍ പരിഹസിച്ചത്.’പതിവുപോലെ ഇപ്രാവശ്യവും ഒരു വിവരവും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭ്യമല്ല. പക്ഷെ, ഇത്തവണ ഇങ്ങനെ സംഭവിച്ചതില്‍ തനിക്കാശ്ചര്യമുണ്ട്’- ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.


കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും നിര്‍ബന്ധിതമാക്കുകയും ചെയ്ത ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചെടുത്തതാരാണെന്ന വിവരാവകാശ ചോദ്യങ്ങള്‍ക്ക് കേന്ദ്രം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതിനെയാണ് തരൂര്‍ പരിഹസിച്ചത്. ആരോഗ്യസേതു എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കൊവിഡ് 19-നെതിരായ പ്രതിരോധനടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കി അവതരിപ്പിക്കുകയും പലയവസരങ്ങളിലും നിര്‍ബന്ധിതമാക്കുകയും ചെയ്തിരുന്നു. ആപ്പിന്റെ വികസനത്തെ സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതില്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ സര്ക്കാരിന് കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു.

എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ അവെയ്ലബിള്‍ ആണെന്ന് ശശി തരൂര്‍ നേരത്തെയും പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞിതെയായിരുന്നു തരൂര്‍ വിമര്‍ശിച്ചത്. ‘എന്‍ഡിഎ എന്നാല്‍ നാഷ്ണല്‍ ഡെമോക്രാറ്റിക്ക് അലൈന്‍സ് എന്നല്ല എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ അവെയ്ലബിള്‍ എന്നാണ്.കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കൊവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങള്‍- സര്‍ക്കാര്‍ എന്‍ഡിഎക്ക് പുതിയ അര്‍ഥം നല്‍കിയിരിക്കുന്നു’.. എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.


കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, രാജ്യത്താകെയുള്ള പ്ലാസ്മ ബാങ്കുകളുടെ എണ്ണം, ലോക്ക്ഡൌണില്‍ ജീവന്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം,കൊറോണ വൈറസ് കാരണം ജോലി നഷ്ടമായവരുടെ എണ്ണം, തുടങ്ങിയ വിവരങ്ങളൊന്നും കൈവശമില്ലെന്നാണ് മോഡി സര്‍ക്കാര്‍ പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ വിമര്‍ശനം.

Exit mobile version