ഗുവാഹത്തി: ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ഒന്നാം റാങ്കുകാരന്‍ അറസ്റ്റില്‍. റാങ്കുകാരന്റെ അച്ഛനും ഉള്‍പ്പടെ ക്രമക്കേട് നടത്തിയതില്‍ അഞ്ച് പേരെയാണ് ആസാം പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്.
പ്രവേശനപരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാര്‍ത്ഥി പകരക്കാരനെ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ത്ഥിയായ നീല്‍ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇതിലാണ് അമ്പരപ്പിക്കുന്ന ക്രമക്കേട് നടത്തിയിരിക്കുന്നത്.
പരീക്ഷയില്‍ ഒന്നാമതെത്താന്‍ കൃത്രിമം കാണിച്ചതായി സൂചന നല്‍കുന്ന വാട്സ്ആപ്പ് സന്ദേശവും ഫോണ്‍കോള്‍ റെക്കോഡുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം റാങ്കുകാരന് പിടിവീണത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്ററുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി പോലീസ് പറയുന്നു.
ഉത്തരക്കടലാസില്‍ പേരും റോള്‍നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് നീല്‍ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസില്‍ മറ്റൊരാള്‍ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.