‘പശുക്കളെ രക്ഷിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്, പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യും’; യോഗി ആദിത്യനാഥ്

ലക്‌നൗ: പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കുമ്പോഴാണ് യോഗിയുടെ പ്രതികരണം.

‘പശുക്കളെ രക്ഷിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്. പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യും. പശുക്കള്‍ക്കായി എല്ലാ ജില്ലകളിലും ഗോശാലകള്‍ സ്ഥാപിക്കും. പശുക്കളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്’ എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

ഉത്തര്‍ പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം. ഗോവധത്തിന്റെ പേരില്‍ അറസ്റ്റിലായ റഹിമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഗോവധ നിരോധന നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന് നിരീക്ഷിച്ചത്.

സംസ്ഥാനത്ത് എവിടെ നിന്നും മാംസം പിടിച്ചാലും അവ പരിശോധിക്കുക പോലും ചെയ്യാതെ പശുവിറച്ചിയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന പതിവ് ഉത്തര്‍പ്രദേശില്‍ ഉണ്ടെന്നും മിക്ക കേസുകളിലും പിടിച്ചെടുത്ത മാംസം വിദഗ്ധ പരിശോധനക്ക് പോലും അയക്കുന്നില്ലെന്നും ചെയ്യാത്ത കുറ്റത്തിന് നിരപരാധികള്‍ ജയിലില്‍ അടയ്ക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞിരുന്നു.

Exit mobile version