ടിആർപി തട്ടിപ്പിലൂടെ പരസ്യമേഖലയ്ക്കും കോടികളുടെ നഷ്ടം; റിപ്പബ്ലിക് ടിവി നിക്ഷേപകർക്ക് എതിരെ അന്വേഷണം

മുംബൈ: ടിആർപി ബാർക് റേറ്റ് പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തിയ കേസിൽ റിപബ്ലിക് ടിവിക്ക് കുരുക്ക് മുറുകുന്നു. റിപബ്ലിക് ടിവിയിലെ നിക്ഷേപകർക്ക് എതിരെയും മുംബൈ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. നിക്ഷേപകരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

ആർപിജി പവർ ട്രേഡിങ് ലിമിറ്റഡ്, ആനന്ദ് ഉദയോഗ് ലിമിറ്റഡ്, പൂർവാഞ്ചൽ ലീസിങ് ലിമിറ്റഡ്, പാൻ കാപ്പിറ്റൽ ഇൻവസ്റ്റ്‌മെന്റ്, ഡൈനാമിക് സ്‌റ്റോറേജ് ആൻഡ് റിട്രിവൽ സിസ്റ്റം തുടങ്ങിയ കമ്പനികളെ കൂടിയാണ് അന്വേഷണവിധേയമാക്കുന്നത്. വെള്ളിയാഴ്ച കമ്പനി പ്രതിനിധികളോട് ചോദ്യം ചെയ്യലിന് ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടിആർപി തട്ടിപ്പിലൂടെ പരസ്യമേഖലക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് മുംബൈ പോലീസ് നൽകുന്ന സൂചനകൾ.

അതേസമയം, റിപബ്ലിക് ടിവിക്ക് ഒറ്റത്തവണയായി 32 ലക്ഷത്തോളം നിക്ഷേപമായി നൽകിയ ഹസ്‌ന റിസേർച്ച് ഗ്രൂപ്പിനെ കുറിച്ചും ആഴത്തിൽ അന്വേഷിക്കുന്നുണ്ട്. ബാർക് മീറ്ററുകൾ സ്ഥാപിക്കുന്നതിന് കരാറെടുത്ത കമ്പനികളിലൊന്നാണ് ഹസ്‌ന റിസേർച്ച്. കമ്പനിയുടെ തട്ടിപ്പിലെ പങ്കിനെ കുറിച്ചാണ് അന്വേഷിക്കുന്നത്.

ഹസ്‌ന റിസേർച്ചും റിപബ്ലിക് ടിവിയും തമ്മിലുള്ള ഇടപാടിനെ സംശയദൃഷ്ടിയോടെയാണ് അന്വേഷണം സംഘം കാണുന്നത്. റിപബ്ലിക് ടിവി സിഎഫ്ഒയെ ചോദ്യം ചെയ്തതിൽ നിന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ മനിസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

Exit mobile version