വിവാദമായതോടെ തനിഷ്‌ക് പരസ്യം കൂടുതൽ ആളുകളിലെത്തി; വിൽപ്പനയും കൂടി: പരസ്യകമ്പനി

ന്യൂഡൽഹി: തനിഷ്‌ക് ജ്വല്ലറിയുടെ പിൻവലിക്കപ്പെട്ട പരസ്യം, അതുമായി ബന്ധപ്പെട്ട് ചിലർ ഉയർത്തിയ വിവാദത്തോടെ കൂടുതൽ പേരിലേക്ക് എത്തിയതായി വിലയിരുത്തി പരസ്യനിർമ്മാതാക്കൾ. കൂടുതൽ പേർ തനിഷ്‌ക് ഉത്പന്നങ്ങൾ വാങ്ങുന്നതിന് ഈ പരസ്യ വിവാദം കാരണമായെന്നും അവർ വ്യക്തമാക്കി. വിവാദത്തിൽ തനിഷ്‌കിനൊപ്പം മനസ്സുറപ്പിച്ചവരാണ് കൂടുതൽ പേരെന്നും ‘വാട്‌സ് യുവർ പ്രോബ്ലം’ എന്ന പേരുള്ള പരസ്യ ഏജൻസിയുടെ മാനേജിങ് പാർട്ണറും ക്രിയേറ്റിവ് ഹെഡുമായ അമിത് അകാലി പറഞ്ഞു. പരസ്യം പിൻവലിക്കാതിരുന്നില്ലെങ്കിൽ കാണുമായിരുന്ന ആളുകളേക്കാൾ കൂടുതൽ പേരിലേക്ക് തങ്ങളുദ്ദേശിച്ച സന്ദേശം എത്തിയതായും അദ്ദേഹം പറഞ്ഞു.

വിവാദമുണ്ടാക്കിയ ചെറിയ പക്ഷത്തിനെതിരെ നിശ്ശബ്ദരായ ഭൂരിപക്ഷം സംസാരിക്കാൻ തുടങ്ങിയതായിരുന്നു യാഥാർത്ഥ്യം. പരസ്യത്തിന്റെ മർമം സാമുദായിക സൗഹാർദമായതിനാൽ ഇങ്ങനെയൊരു വിവാദം പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്പനി പറയുന്നു. തനിഷ്‌ക് ‘ധൈര്യമുള്ള’ കമ്പനിയാണെന്നും ഒടുവിൽ പരസ്യം പിൻവലിക്കേണ്ടിവന്നത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണെന്നും അമിത് പറഞ്ഞു.

സാംസ്‌കാരിക യാഥാർഥ്യങ്ങൾ ദൃശ്യവത്കരിക്കുക മാത്രമായിരുന്നു ആ പരസ്യം കൊണ്ട് ഉന്നമിട്ടിരുന്നത്. ഒട്ടും രാഷ്ട്രീയം അതിനുണ്ടായിരുന്നില്ല. ‘ഏകത്വ’യും ഐക്യവും മുൻനിർത്തിയുള്ള കാമ്പയിൻ തനിഷ്‌ക് തുടരുമെന്നും അമിത് അറിയിച്ചു.

നേരത്തെ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്‌ക് ജ്വല്ലറിയുടെ 55 സെക്കൻഡ് നീണ്ട പരസ്യമാണ് വിവാദമുയർത്തിയത്. ഹിന്ദുവായ മരുമകളുടെ മതാചാരങ്ങൾക്ക് പരിഗണന നൽകുന്ന മുസ്‌ലിമായ ഭർതൃമാതാവിന്റെ ദൃശ്യമടങ്ങിയ പരസ്യത്തിനെതിരെ തീവ്ര ഹിന്ദുത്വ നിലപാടുള്ള ചിലർ രംഗത്തുവരികയായിരുന്നു. തുടർന്നാണ് തനിഷ്‌ക് പരസ്യം പിൻവലിച്ചത്. പിന്നാലെ തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ഗുജറാത്തിൽ കല്ലേറും ആക്രമണവും ഉണ്ടായിരുന്നു.

അതേസമയം, പരസ്യം പിൻവലിക്കേണ്ടി വന്നെങ്കിലും തനിഷ്‌കിനെ പിന്തുണച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. സോഷ്യൽമീഡിയയിലൂടെ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Exit mobile version