അന്ന് കേരളത്തെ സഹായിച്ചു; ഇപ്പോൾ ഹൈദരാബാദിനെ സഹായിക്കൂ; പ്രളയം ദുരിതാശ്വാസത്തിന് 10 ലക്ഷം നൽകി വിജയ് ദേവരക്കൊണ്ട,1.5 കോടി നൽകി പ്രഭാസ്

ഹൈദരാബാദ്: തെലങ്കാനയിലെ പ്രളയത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങുമായി സിനിമാലോകത്തെ പ്രമുഖർ. ഹൈദരാബാദ് പ്രളയത്തിനെ തുടർന്ന് ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നൽകി നടൻ പ്രഭാസ് രംഗത്തെത്തി. നടൻ മഹേഷ് ബാബുവും ഒരു കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. നേരത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രഭാസ് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയും വെള്ളപ്പൊക്കവും ജനങ്ങളെയൊന്നാകെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നിരവധി മരണങ്ങൾ സംഭവിച്ചു. നിരവധി പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായവുമായി താരങ്ങളെത്തിയത്.

ഇതിനിടെ, തെലങ്കാനയിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമഭ്യർത്ഥിച്ച് നടൻ വിജയ് ദേവരകൊണ്ട മുന്നോട്ടുവന്നിരുന്നു.

‘ഞങ്ങൾ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, ആർമിക്കായി ഒരുമിച്ച് നിന്നു, കൊവിഡിനിടയിൽ പലകാര്യങ്ങൾക്കും ഞങ്ങൾ ഒരുമിച്ച് നിന്നു. ഇപ്പോൾ ഞങ്ങളുടെ നഗരവും ജനങ്ങളും ഒരു സഹായം തേടുകയാണ്,’ എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ്. ഈ വർഷം എല്ലാംകൊണ്ടും എല്ലാവർക്കും ദുരിതമായിരിക്കും. ഭേദപ്പെട്ട നിലയിൽ നിൽക്കുന്നവർ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സാധിക്കുംവിധത്തിൽ സഹായിക്കാൻ മനസുകാണിക്കണം. ഒരിക്കൽ കൂടി നമ്മളിൽപ്പെട്ടവരെ നമുക്ക് സഹായിക്കാം. സിഎംആർഎഫിലേക്ക് ഞാൻ 10 ലക്ഷം രൂപ സംഭാവന നൽകുന്നു,’ അദ്ദേഹം മറ്റൊരു ട്വീറ്റ് കൂടി കുറിച്ചുകൊണ്ട് പറഞ്ഞു.

പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിജയ് ദേവരക്കൊണ്ട സംഭാവന ചെയ്തിരുന്നു. 2018ൽ കേരളം പ്രളയത്തെ നേരിട്ടപ്പോൾ വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപയാണ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതപ്പെയ്ത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഹൈദരാബാദിനെ സഹായിക്കാൻ നാഗാർജുന അക്കിനേനി അടക്കമുള്ള നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version