കൊവിഡ് പ്രതിരോധിക്കുന്നില്ല; പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നെന്ന് ഐസിഎംആർ

കൊവിഡ് പ്രതിരോധിക്കുന്നില്ല; പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നെന്ന് ഐസിഎംആർ; രോഗമുക്തർ അതീവശ്രദ്ധ പുലർത്തണം; വീണ്ടും രോഗം വന്നേക്കാമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിൽ വേണ്ടവിധത്തിൽ ഫലം നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ ആരോഗ്യ ക്ലിനിക്കൽ പ്രോട്ടോക്കോളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കൊവിഡ് മൂലമുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കുന്നതിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന അനുമാനത്തിൽ നിരവധി പഠനങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗ ചൊവ്വാഴ്ച ചൂണ്ടിക്കാട്ടി.

റെംഡെസിവിർ, എച്ച്എസ്‌ക്യു എന്നിവയും കൊവിഡ് 19 ചികിത്സയിൽ പ്രതീക്ഷ ഫലം തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19 ബാധിച്ചവർ രോഗമുക്തരായതിന് ശേഷവും മാസ്‌ക് ധരിക്കൽ ഉൾപ്പടെയുളള മുൻകരുതൽ സ്വീകരിക്കണമെന്നും അഞ്ചുമാസത്തിനുളളിൽ ആന്റിബോഡികൾ ദുർബലപ്പെട്ടാൽ വീണ്ടും രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

’30 രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോർട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അവലോകനം നടത്തിയിട്ടില്ല. എന്നിരുന്നാലും ഈ മരുന്നുകൾ പ്രതീക്ഷിച്ചിരുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.’-ബൽറാം ഭാർഗവ പറഞ്ഞു. അതേസമയം ഇൻഫ്‌ളുവൻസ വാക്‌സിൻ കൊവിഡ് 19 നെതിരായി ഫലപ്രദമായി പ്രവർത്തിക്കുമെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version