ഗോവ ഉപമുഖ്യമന്ത്രി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചെന്ന് ആരോപണം; സംഭവം നിഷേധിച്ച് മന്ത്രി, ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് വിശദീകരണം

പനാജി: വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേകര്‍ അശ്ലീല വീഡിയോ അയച്ചെന്ന് ആരോപണം. തിങ്കളാഴ്ച പുലര്‍ച്ചെ 01.20നാണ് ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കു വയ്ക്കപ്പെട്ടത്. ‘വില്ലേജസ് ഓഫ് ഗോവ’ എന്ന പേരിലുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയച്ചത്. സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. മന്ത്രി സ്ഥാനത്തിന്റെ മാന്യതയ്ക്ക് നിരയ്ക്കുന്നതല്ല മന്ത്രിയുടെ പ്രവര്‍ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ വനിത വിഭാഗം പനാജിയിലെ വനിത പോലീസ് സ്റ്റേഷനില്‍ മന്ത്രിക്കെതിരെ പരാതി നല്‍കി.

അതേസമയം ചന്ദ്രകാന്ത് കാവ്‌ലേകര്‍ സംഭവം നിഷേധിച്ചു. തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്നും ആക്ഷേപകരമായ ദൃശ്യം ഗ്രൂപ്പിലേക്ക് വാട്‌സാപ് ചെയ്യപ്പെട്ടപ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് കാവ്‌ലേകര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാവ്‌ലേകര്‍ സംസ്ഥാന സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാവ്‌ലേകര്‍ ആവശ്യപ്പെട്ടു.

താന്‍ ഒരുപാട് ഗ്രൂപ്പുകളില്‍ അംഗമാണെങ്കിലും ഒരു ഗ്രൂപ്പിലേക്ക് മാത്രമാണ് വീഡിയോ അയച്ചിരിക്കുന്നത്. തന്റെ പേര് ചീത്തയാക്കുവാന്‍ ഇത്തരം ശ്രമങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും ജനങ്ങള്‍ക്കിടയില്‍ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version