ലഡാക്കിൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; ചാരവൃത്തി സംശയം

ശ്രീനഗർ: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കെ ലഡാക്കിലെ ദേംചോക്ക് മേഖലയിൽനിന്ന് അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) സൈനികൻ വാങ് യ ലോങ്ങിനെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയതെന്നാണ് റിപ്പോർട്ടി.

ഇയാളിൽ നിന്നും സൈനികവും സൈനികേതരവുമായ രേഖകൾ ഇന്ത്യൻ സേന പരിശോധനയിൽ കണ്ടെത്തി. ചൈനയിലെ ഝേസിയാങ് പ്രവിശ്യയിലെ താമസക്കാരനാണ് ഇദ്ദേഹമെന്നാണ് വിവരം. കാണാതായ സൈനികനെ കുറിച്ചുള്ള വിവരങ്ങൾ പിഎൽഎ അഭ്യർഥിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

അതേസമയം ചാരപ്രവർത്തിക്കാണോ വാങ് എത്തിയതെന്ന കാര്യം ഇന്ത്യൻ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. വാങ്ങിന് ഓക്‌സിജൻ ഉൾപ്പെടെയുള്ള വൈദ്യസഹായവും ഭക്ഷണവും വസ്ത്രങ്ങളും ഇന്ത്യൻ സൈന്യം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ചുഷുൽ മോൽദോയിൽവെച്ച് ഇദ്ദേഹത്തെ ചൈനീസ് അധികൃതർക്ക് കൈമാറുമെന്നും ഇന്ത്യൻ സൈനികവൃത്തങ്ങൾ അറിയിച്ചു.

Exit mobile version