മോഡി എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു, ഞാന്‍ അദ്ദേഹത്തിന്റെ ഹനുമാന്‍; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ചിരാഗ് പാസ്വാന്‍

ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരാധകനാണെന്നും മോഡി തന്റെ ഹൃദയത്തിലുണ്ടെന്നും തുറന്നുപറഞ്ഞ് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാന്‍. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഞാന്‍ എന്റെ ഹൃദയം തുറന്ന് കാണിക്കാമെന്നും ചിരാഗ് പറയുന്നു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രിയെ വാഴ്ത്തി ചിരാഗ് രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അന്ധനായ അനുയായി ആണ് താനെന്ന് പറഞ്ഞ ചിരാഗ് പാസ്വാന്‍. പ്രധാനമന്ത്രിയോടുള്ള വിശ്വസ്തത ഇനിയും തുടരുമെന്നും വ്യക്തമാക്കി.

പ്രചരണത്തില്‍ പ്രധാനമന്ത്രി മോഡിയുടെ ചിത്രം ഉപയോഗിക്കേണ്ട ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ് ജീവിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ഹനുമാന്‍ ആണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഞാന്‍ എന്റെ ഹൃദയം തുറന്ന് കാണിക്കാം..ചിരാഗ് പറയുന്നു. എല്‍ജെപിക്കെതിരെ സംസാരിക്കാന്‍ പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്ക് മേല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി തീരുമാനിച്ചിരിക്കുന്നത്. ജെഡിയുവിനേയും മുഖ്യമന്ത്രി നിതീഷ് കുമാറിനേയും രൂക്ഷമായി കടന്നാക്രമിക്കുന്ന ചിരാഗ് പാസ്വാന്‍ പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ പുകഴ്ത്തുന്നുമുണ്ട്.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ചിരാഗ്. നവംബര്‍ 10 ഓടെ എല്ലാം വ്യക്തമാകുമെന്നും ബി.ജെ.പി-എല്‍.ജെ.പി സഖ്യത്തില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രൂപം കൊള്ളുമെന്നും ചിരാഗം പറയുന്നു.

Exit mobile version