പ്രശസ്ത സിനിമാ വസ്ത്രാലങ്കാരക ഭാനു അത്തയ്യ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കർ ജേതാവ്

മുംബൈ: പ്രശസ്ത സിനിമാ വസ്ത്രാലങ്കാരകയും ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കർ ജേതാവുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവർ ദക്ഷിണ മുംബൈയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അന്തരിച്ചതെന്ന് മകൾ രാധിക ഗുപ്ത അറിയിച്ചു.

1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവർക്ക് ഓസ്‌കർ പുരസ്‌കാരം ലഭിച്ചത്. തലച്ചോറിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ എട്ടു വർഷത്തോളമായി ചികിത്സയിലായിരുന്നു. മൂന്നുവർഷത്തോളമായി അവർ പൂർണ്ണമായും കിടപ്പിലായിരുന്നെന്നും ഭാനു അത്തയ്യയുടെ മകൾ പറഞ്ഞു. സംസ്‌കാര ചടങ്ങുകൾ ദക്ഷിണ മുംബൈയിലെ ചന്ദൻവാഡിയിൽ നടന്നു.

1983ൽ ആണ് ഗാന്ധിയിലെ വസ്ത്രാലങ്കാരത്തിന് അവർക്ക് ഓസ്‌കാർ ലഭിക്കുന്നത്. അഞ്ച് പതിറ്റാണ്ടിനിടെ നൂറിലധികം ചിത്രങ്ങൾക്കുവേണ്ടി അവർ പ്രവർത്തിച്ചു. ലേക്കിൻ, ലഗാൻ എന്നീ ചിത്രങ്ങൾക്ക് അവർക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ബോളിവുഡിലെ പ്രമുകരായ ഒട്ടുമിക്ക സംവിധായകർക്കുമൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുദത്തിന്റെ സിഐഡി എന്ന ചിത്രത്തിലൂടെയായിരുന്നു ഭാനു അത്തയ്യ വസ്ത്രാലങ്കാരകയായി ബോളിവുഡിൽ തുടക്കംകുറിക്കുന്നത്. ഭാനു അത്തയ്യ വസ്ത്രാലങ്കാരം നിർവ്വഹിച്ച ലഗാൻ എന്ന ചിത്രത്തിനും ഓസ്‌കാർ നോമിനേഷൻ ലഭിച്ചിരുന്നു. ഇതായിരുന്നു അവരുടെ അവസാന ചിത്രം.

Exit mobile version