അനുഭവമാണ് പാഠം; ലോക്ക്ഡൗൺ കാലത്തെ നികുതി ഒഴിവാക്കാൻ ഹൈക്കോടതിയിൽ പോയത് ‘തെറ്റ്’;ചെന്നൈ കോർപ്പറേഷനിൽ പോയാൽ മതിയായിരുന്നു: രജനീകാന്ത്

ചെന്നൈ: ലോക്ക്ഡൗൺ കാലത്തെ നികുതി ഒഴിവാക്കി തരണമെന്ന അഭ്യർത്ഥനയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച നടപടി തെറ്റായി പോയെന്ന് നടൻ രജനീകാന്ത്. തന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന്റെ ലോക്ഡൗൺ കാലത്തെ വസ്തു നികുതി ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിച്ച സംഭവത്തിലാണ് തനിക്ക് വീഴ്ച സംഭവിച്ചതെന്ന് താരം ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു.

കോടതിക്കു പകരം ചെന്നൈ കോർപറേഷനേയാണ് സമീപിക്കേണ്ടിയിരുന്നതെന്നും തന്റെ തെറ്റ് തിരിച്ചറിയുന്നെന്നും രജനീകാന്ത് പറഞ്ഞു. അനുഭവമാണ് പാഠമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി പിൻവലിക്കേണ്ടി വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘രാഘവേന്ദ്ര മണ്ഡപം വസ്തു നികുതി… കോർപറേഷനോടാണ് അഭ്യർത്ഥിക്കേണ്ടിയിരുന്നത്. ഈ തെറ്റ് ഒഴവാക്കാമായിരുന്നു. അനുഭവമാണ് പാഠം’- രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.

കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്ന ചെന്നൈ കോർപറേഷൻ നോട്ടിസിനെതിരെ രജനി കോടതിയെ സമീപിക്കുകയായിരുന്നു. കൊവിഡ് കാലത്ത് വരുമാനം ഇല്ലാത്തതിനാൽ നികുതി ഒഴിവാക്കണമെന്ന് കോർപറേഷനോട് ആവശ്യപ്പെട്ടും മാർച്ച് മാസം വരെ മുൻകൂറായി നൽകിയ തുക മടക്കിനൽകണമെന്നും ആവശ്യപ്പെട്ടും രജനി മുന്നോട്ട് വന്നിരുന്നു. എന്നാൽ തന്റെ അപേക്ഷയ്ക്ക് കോർപറേഷൻ മറുപടി നൽകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് രജനീകാന്ത് ഹർജിയിൽ ചൂണ്ടിക്കാട്ടി.

താങ്കളുടെ നിവേദനം തീർപ്പാക്കണമെന്നു കോർപറേഷൻ അധികൃതരോട് നിർദേശിക്കുന്നതല്ലാതെ മറ്റു ജോലികളൊന്നും കോടതിക്കില്ല എന്നാണോ കരുതുന്നതെന്ന് ജസ്റ്റിസ് അനിത സുമന്ത് രജനികാന്തിനോട് ചോദിച്ചത്. കോർപറേഷൻ അധികൃതർക്കു ഹർജിക്കാരൻ നിവേദനം നൽകിയതു കഴിഞ്ഞ മാസം 23ന്. മറുപടിക്കു കാക്കാതെ തിരക്കിട്ടു കോടതിയിലേക്കു വന്നത് എന്തിനെന്ന ചോദ്യവും ഉന്നയിച്ചു. കോടതിയുടെ സമയം പാഴാക്കുകയാണോയെന്നു ചോദിക്കുകയും ചെലവു സഹിതം പരാതി തള്ളുമെന്നു കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെയാണ് താരം ഹർജി പിൻവലിച്ചത്. കോടതി വിമർശിച്ചതോടെ കോർപറേഷൻ ചുമത്തിയ 6.5 ലക്ഷം രൂപ രജനീകാന്ത് പിന്നീട് അടയ്ക്കുകയും ചെയ്തു.

Exit mobile version