ഇനിയങ്ങോട്ട് അവർക്കൊന്നും ഒരു പണിയും ഉണ്ടാകില്ല, ഭാവിയിൽ തനിഷ്‌കിൽ നിന്ന് ഒന്നും വാങ്ങാനും സാധിക്കില്ല; അത് വിടൂ: തനിഷ്‌കിന് പിന്തുണയുമായി ചേതൻ ഭഗത്

മുംബൈ: മതസൗഹാർദവും ഏകതയും പ്രമേയമായ തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തിന് തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾ ഭീഷണിയുയർത്തിയതിന് പിന്നാലെ പരസ്യത്തെ പിന്തുണച്ച് എഴുത്തുകാരൻ ചേതൻ ഭഗത് രംഗത്ത്. ഇന്ത്യയുടെ തകരുന്ന സാമ്പത്തിക മേഖലയേയും, രാജ്യത്തെ വരിഞ്ഞു മുറുക്കുന്ന വിദ്വേഷ ചിന്തകളെയും വിമർശിച്ചാണ് തനിഷ്‌കിന് ചേതൻ ഭഗത് ട്വീറ്റിലൂടെ പിന്തുണ നൽകിയിരിക്കുന്നത്.

‘പ്രിയപ്പെട്ട തനിഷ്‌ക്,
നിങ്ങളെ ആക്രമിക്കുന്ന ഭൂരിഭാഗം ആളുകൾക്കും നിശ്ചയമായും ഇനിയങ്ങോട്ട് നിങ്ങളുടെ കയ്യിൽ നിന്ന് ഒന്നും വാങ്ങാൻ സാധിക്കില്ല. ഇവരുടെയൊക്കെ ചിന്ത എങ്ങോട്ടാണ് ഈ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുക എന്നത് നോക്കിയാൽ തന്നെ മനസിലാകുന്ന കാര്യമാണത്. അവർക്കൊന്നും ഇനിയങ്ങോട്ട് ഒരു പണിയും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഭാവിയിൽ തനിഷ്‌കിൽ നിന്ന് ഒന്നും വാങ്ങാനും സാധിക്കില്ല. അതുകൊണ്ട് അവരെകുറിച്ച് ആലോചിക്കേണ്ടതില്ല’,-ചേതൻ ഭഗത് ട്വിറ്ററിൽ പറഞ്ഞു.

അതേസമയം, ട്വീറ്റിന് പിന്നാലെ ചേതൻ ഭഗതിന് നേരെയും സൈബർ ഇടങ്ങളിൽ ഹിന്ദുത്വ അനുകൂലികളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വ്യവസായം ഐക്യത്തെ സംബന്ധിച്ച് നല്ല സന്ദേശം നൽകിയതിന് ആക്രമിക്കപ്പെടുന്നത് ശരിയല്ലെന്ന് ചിലർക്കുള്ള മറുപടിയായി ചേതൻ ഭഗത് പറഞ്ഞു.

സർക്കാർ സാമ്പത്തിക മേഖലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. വിഭജനാത്മകമായി ഒരു കാര്യവുമില്ലാത്ത അജണ്ടകളിൽ ഊന്നൽ നൽകുന്നതിന് പകരം നമുക്ക് സാമ്പത്തിക മേഖലയ്ക്ക് ഊന്നൽ നൽകാമെന്നും ചേതൻ ഭഗത് പറഞ്ഞു.

നേരത്തെ, പരസ്യത്തിന് എതിരെ ഹിന്ദുത്വ കേന്ദ്രങ്ങളിൽ നിന്ന് പ്രചാരണം ആരംഭിച്ചതോടെ തനിഷ്‌ക് പരസ്യം പിൻവലിച്ചിരുന്നു. എന്നാൽ പരസ്യം പിൻവലിച്ചാൽ പോര മാപ്പ് പറയണമെന്നാണ് ഇപ്പോൾ ട്വിറ്ററിൽ ആരംഭിച്ചിരിക്കുന്ന പുതിയ ക്യാംപെയ്ൻ. #Apology എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആക്കുകയാണ്. മാപ്പ് പറഞ്ഞില്ലെങ്കിൽ പാപ്പരാകാൻ കാത്തിരുന്നോളൂ എന്നുള്ള ഭീഷണി ട്വീറ്റുകൾ വരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Exit mobile version