അല്ല, ഭായ് ഈ ചോദ്യങ്ങളൊക്കെ ചോദിക്കാൻ നിങ്ങളാരാ? സുപ്രീംകോടതി ജഡ്ജിയോട് അഭിഭാഷകൻ; സംഭവം വെർച്വൽ വാദത്തിനിടെ

ന്യൂഡൽഹി: കൊവിഡ് മഹാമാരി കാലത്ത് കോടതികളും ഓൺലൈൻ ലോകത്തേക്ക് മാറിയതോടെ സംഭവിക്കുന്ന അബദ്ധങ്ങളും ചെറുതല്ല. ആളുകളെ മാറിപ്പോകുന്നതും തെറ്റിദ്ധാരണകൾ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. ഇപ്പോഴിതാ സുപ്രീംകോടതിയിൽ പോലും വെർച്വൽ വാദത്തിനിടെ അസാധാരണായ സംഭവം അരങ്ങേറിയിരിക്കുകയാണ്.

ഇന്ന് നടന്ന സംഭവം രസകരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസ് വഴി കേസ് പരിഗണിക്കുമ്പോഴാണ് സംഭവങ്ങൾ അരങ്ങേറിയത്.

കേസ് വാദം കേൾക്കുന്നതിനിടെ വീഡിയോ വഴി അഭിഭാഷകനെ കണക്ട് ചെയ്യാൻ സാധിക്കാതെ വന്നതോടെ ഫോണിൽ കണക്ട് ചെയ്യാൻ ജഡ്ജി കോർട്ട് ഓഫീസർക്ക് നിർദേശം നൽകി. തുടർന്ന് ഫോൺ അറ്റന്റ് ചെയ്ത അഭിഭാഷകനോട് ലൗഡ്‌സ്പീക്കർ ഓൺ ചെയ്ത് ജഡ്ജി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. ജഡ്ജിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞ അഭിഭാഷകൻ അവസാനം തിരിച്ചു ചോദിച്ച ചോദ്യമാണ് എല്ലാവരേയും അമ്പരപ്പിച്ചത്.

‘ഭായ് സാബ്, താങ്കൾ കുറേ ചോദ്യങ്ങൾ എന്നോട് ചോദിച്ചല്ലോ, ഇനി എന്റെ ഒരു ചോദ്യത്തിന് മറുപടി നൽകൂ, ഇത് ആരാണ് സംസാരിക്കുന്നത്’? എന്നായിരുന്നു ചോദ്യം. ഇത്രയും നേരം കേസിനെ കുറിച്ച് ചോദിച്ചത് ജഡ്ജിയാണെന്ന് അഭിഭാഷകന് മനസ്സിലായില്ല എന്നതാണ് വാസ്തവം. അഭിഭാഷകന്റെ ചോദ്യം കേട്ട് കോടതിയിൽ ഉണ്ടായിരുന്നവരെല്ലാം അമ്പരന്നു.

കോടതിയിൽ നിന്നും കേസിന്റെ വാദം കേൾക്കാനാണ് വിളിക്കുന്നതെന്ന് കോർട്ട് ഓഫീസർ അഭിഭാഷകനെ അറിയിക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. കേസ് ഫോണിലൂടെ പരിഗണിക്കുന്ന കാര്യം അഭിഭാഷകനെ അറിയിച്ചിരുന്നോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഇല്ലെന്ന് കോർട്ട് ഓഫീസർ മറുപടി നൽകി. തുടർന്ന് ക്ഷമാപണം നടത്തിയ ശേഷം കോടതി അടുത്ത കേസിന്റെ നടപടികളിലേക്ക് കടന്നു.

Exit mobile version