ആടുകൾ കൂട്ടംതെറ്റി ഉയർന്നജാതിക്കാരന്റെ പറമ്പിൽ കയറി; ദളിത് കർഷകനെ കൊണ്ട്‌ കാലിൽ വീണ് മാപ്പ് പറയിപ്പിച്ചു; രാജ്യത്തിന് വീണ്ടും നാണക്കേട്

ചെന്നൈ: വീണ്ടും രാജ്യത്തിന് അപമാനമായി ദളിതർക്ക് നേരെയുള്ള ആക്രമണം. തമിഴ്‌നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിർബന്ധിച്ച് തറയിലിരുത്തി പഞ്ചായത്ത് യോഗം ചേർന്ന് വിവേചനം കാണിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാട്ടിൽ നിന്നും മറ്റൊരു ജാതി വിവേചനം കൂടി പുറത്തുവരുന്നു.

ആടുകൾ പറമ്പിലേക്ക് കയറി എന്നാരോപിച്ച് ദളിത് കർഷകനെ ഉയർന്ന സമുദായത്തിൽപ്പെട്ട ആളുകൾ ക്രൂരമായി മർദ്ദിച്ച് കാലിൽ പിടിച്ചു മാപ്പു പറയിപ്പിച്ചു. മണിക്കൂറുകൾ നീണ്ട മർദ്ദനം സഹിക്കവയ്യാതെയാണ് കർഷകനായ പോൾരാജ് സവർണ ജാതിക്കാരുടെ കാലിൽ വീണ് മാപ്പ് ചോദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ഏഴു പേരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

കർഷകനായ പോൾരാജിന്റെ ആടുകൾ കൂട്ടംതെറ്റി മുന്നാക്കജാതിക്കാരുടെ പറമ്പിൽ കയറുകയായിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ നാല് ആടുകളെ തട്ടിയെടുത്ത തൂത്തുക്കുടി കായത്താർ ഒലൈക്കുളം ഗ്രാമത്തിലെ തേവർസമുദായാഗംങ്ങൾ പോൾരാജിനെ വിളിച്ചുവരുത്തി മരത്തിൽ കെട്ടിയിട്ട് മാറി മാറി മർദ്ദിക്കുകയായിരുന്നു. ഒടുവിൽ സമുദായ നേതാവിന്റെ കാലിൽ വീണ് നിരവധി തവണ യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയായിരുന്നു.

Exit mobile version