ചാണകം എല്ലാവരെയും സംരക്ഷിക്കും, റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ട്; ‘ചാണക ചിപ്പുമായി’ കാമേധനു ആയോഗ്

ന്യൂഡല്‍ഹി: റേഡിയേഷനെ പ്രതിരോധിക്കാന്‍ ചാണകത്തിന് കഴിവുണ്ടെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ കാമേധനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ രംഗത്ത്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വല്ലഭായ് കത്തിരിയ ഇക്കാര്യം പറഞ്ഞത്. ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് അവകാശപ്പെട്ട് ചാണകത്തില്‍ നിര്‍മിച്ച ഒരു ചിപ്പും വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഗോസത്വ കവച് എന്നാണ് ചാണക ചിപ്പിന്റെ പേര്.

രാജ്‌കോട്ടിലെ ശ്രീജി ഗോശാലയാണ് ചിപ്പ് വികസിപ്പിച്ചത്. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ അകറ്റാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കത്തിരിയ വ്യക്തമാക്കി.

ചാണകം എല്ലാവരെയും സംരക്ഷിക്കും. റേഡിയേഷനെ പ്രതിരോധിക്കുമെന്നും ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും വല്ലഭായ് കത്തിരിയ ചൂണ്ടിക്കാട്ടി. വീടുകളില്‍ ചാണകം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചാല്‍ ആളുകളെ അവ റേഡിയേഷന്‍ ഏല്‍ക്കാതെ സംരക്ഷിക്കുമെന്നും കത്തിരിയ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നല്‍കിയത്.

Exit mobile version