ഐപിഎൽ വാതുവെപ്പ്: രാജ്യവ്യാപകമായി റെയ്ഡ്; നൂറിലധികം പേർ പിടിയിൽ; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ

ന്യൂഡൽഹി: വീണ്ടും ഐപിഎല്ലുമായി ബന്ധപ്പെട്ട് വാതുവെയ്പ് വിവാദം രൂക്ഷമാകുന്നു. ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ റെയിഡിൽ നൂറിലേറെ പേർ അറസ്റ്റിലായി. ഭീകരവിരുദ്ധസേനയുടെയും ലോക്കൽ പോലീസിന്റെയും നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയിഡിലാണ് അറസ്റ്റ്. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു.

ബംഗളൂരൂ, ഡൽഹി, ജയ്പൂർ, ഹൈദരാബാദ്, മൊഹാലി, ഗോവ, ഉത്തരാഖണ്ഡ് ഉൾപ്പടെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടന്നത്. ബംഗൂളൂരുവിൽ 65 പേർ അറസ്റ്റിലായി. 95 ലക്ഷം രൂപയും പിടിച്ചെടുത്തു. മധ്യപ്രദേശിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിൽ 20 പേർ പിടിയിലായി. ഉത്തരാഖണ്ഡ്, ഹൈദരാബാദ്, രാജസ്ഥാൻ, വിജയവാഡ എന്നിവിടങ്ങളിൽ നിന്നും നിരവധി പേർ അറസ്റ്റിലായി. ലക്ഷണക്കിന് രൂപയും ഇവിടങ്ങളിൽ നിന്ന് പിടിച്ചു.

കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച വൻവാതുവെപ്പ് സംഘവും പോലീസിൻറെ വലയിൽ കുടുങ്ങി. ഐപിഎൽ പുതിയ സീസണവുമായി ബന്ധപ്പെട്ടുള്ള വാതുവെപ്പിൽ ആദ്യം റെയ്ഡുകൾ തുടങ്ങിയത് ഡൽഹി പോലീസാണ്. ഡൽഹിയിലെ ദേവ്‌ലി ഗ്രാമത്തിൽ 17 പേരെ പോലീസ് പിടികൂടിയിരുന്നു. വാതുവെപ്പ് സംഘങ്ങൾക്ക് വിദേശ ബന്ധങ്ങളുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. താരങ്ങളുമായി നേരിട്ടു ബന്ധമുള്ള ആരെയും പിടികൂടിയിട്ടില്ലെന്നാണ് പോലീസ് നൽകുന്ന സൂചന.

Exit mobile version