ഉറങ്ങിയാല്‍ ഡ്രൈവറെ വിളിച്ചുണര്‍ത്തും, അപകടം കണ്ടാല്‍ സ്വയം ബ്രേക്കിടും; അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ ബസ് ഇറക്കാന്‍ കര്‍ണാടക, മോഡീകരിച്ച കെഎസ്ആര്‍ടിസി ഉടന്‍ നിരത്തുകളിലേയ്ക്ക്

ബംഗളൂരു: ഉറങ്ങിയാല്‍ ഡ്രൈവറെ വിളിച്ചുണര്‍ത്തും, അപകടം കണ്ടാല്‍ സ്വയം ബ്രേക്കിടും. പുത്തന്‍ ആശയങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കാന്‍ പോകുന്നത്.

സംസ്ഥാന ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ്‍ സവാഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന സ്ലീപ്പ് ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ബസുകളില്‍ സ്ഥാപിക്കുന്നത്. ഈ സംവിധാനം ഡ്രൈവര്‍മാരെ ഉണര്‍ത്തുന്ന ഒരു സിഗ്‌നല്‍ അയയ്ക്കും. ഡ്രൈവര്‍ എത്ര ജാഗ്രത പുലര്‍ത്തുന്നുവെന്ന് കണ്ടെത്താന്‍ ഡ്രൈവറുടെ മുഖവും റെറ്റിനയും നിരന്തരം നിരീക്ഷിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടുന്ന ഒരു സംവിധാനമാണിത്. ഡ്രൈവര്‍ അറിയാതെ ഉറക്കത്തിലേക്കു വഴുതുമ്പോള്‍ തന്നെ ബീപ് ശബ്ദം കൊണ്ടും ചുവന്ന ലൈറ്റു കൊണ്ടും ഈ സംവിധാനം മുന്നറിയിപ്പു നല്‍കുമെന്ന് അധികൃതര്‍ പറയുന്നു.

ഒപ്പം മറ്റേതെങ്കിലും വാഹനമോ വ്യക്തിയോ ആകസ്മികമായി ബസിന് മുമ്പില്‍ വന്നാല്‍ സ്വയം ബ്രേക്ക് ചെയ്യുന്ന സാങ്കേതികവിദ്യയും ബസുകളില്‍ സ്ഥാപിക്കും. ചില അത്യാഡംബര കാറുകളില്‍ മാത്രമുള്ളതാണ് ഈ സാങ്കേതികവിദ്യ. ഈ സംവിധാനം ബസുകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, എല്ലാ സര്‍ക്കാര്‍ ബസുകളിലും ഘട്ടംഘട്ടമായി സ്ഥാപിക്കാനും തീരുമാനമുണ്ട്.

ക്യാമറകളും കാല്‍നടയാത്രക്കാര്‍ക്ക് കൂട്ടിയിടിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍, എതിര്‍ വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ബസിന് ചുറ്റുമുള്ള വാഹനങ്ങള്‍ തമ്മിലുള്ള ദൂരം എന്നിവ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഈ സിസ്റ്റത്തില്‍ അടങ്ങിയിട്ടുണ്ട്.

അപകടങ്ങള്‍ തടയുന്നതിന് സാങ്കേതികവിദ്യ വളരെയധികം സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ ഇത്തരം ഹൈടെക് ഗാഡ്ജെറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ മുമ്പുതന്നെ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈവേകളില്‍ രാത്രി സര്‍വ്വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഈ സംവിധാനങ്ങള്‍ സ്ഥാപിക്കുക.

Exit mobile version