വിശ്വാസം തെളിയിക്കാൻ ജനങ്ങൾ കൂട്ടംകൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല; ഓണത്തിന് പിന്നാലെ കേരളത്തിൽ രോഗ്യവാപനം രൂക്ഷമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനങ്ങൾ ആഘോഷ അവസരങ്ങളിൽ കൂട്ടംകൂടി ഇടപഴകുന്നതു കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ഓണാഘോഷത്തിന് ശേഷം രോഗവ്യാപനം രൂക്ഷമായത് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എസ്ബിഐ റിസർച്ച് നടത്തിയ പഠന റിപ്പോർട്ടിനെ ഉദ്ധരിച്ചായിരുന്നു മന്ത്രി തന്റെ പ്രതിവാര പരിപാടിയായ സൺഡേ സംവാദിൽ ഇക്കാര്യം പരാമർശിച്ചത്.

കേരളത്തിലെ ആകെ കേസുകളുടെ 60 ശതമാനവും രേഖപ്പെടുത്തിയത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ്. ക്രമാനുഗതമായി കേസുകൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം 11,755 പുതിയ കേസുകൾ ഉണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഓഗസ്റ്റ് 22നും സെപ്തംബർ രണ്ടിനും ഇടയിൽ നടന്ന ഓണാഘോഷമാണ് പിന്നീടിങ്ങോട്ട് വലിയ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളം മാത്രമല്ല മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും രോഗവ്യാപനത്തിൽ ഉത്സവാഘോഷങ്ങൾക്ക് പങ്കുണ്ട്. ഈ സംസ്ഥാനങ്ങളുടെ 5060 ശതമാനവും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഉണ്ടായത്. ഗണേശ ചതുർഥിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഇതിന് കാരണമായിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഓക്ടോബറിൽ പശ്ചിമബംഗാളിൽ നടക്കുന്ന ദുർഗാപൂജയോടനുബന്ധിച്ചും ഇത്തരത്തിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിശ്വാസം തെളിയിക്കാൻ വൻതോതിൽ ആളുകൾ കൂട്ടംചേർന്നും ആഡംബരമായും ഉത്സവങ്ങൾ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. നിയന്ത്രണമില്ലാത്ത ഉത്സവാഘോഷങ്ങൾ എങ്ങനെ രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിന് കേരളത്തെ മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.

Exit mobile version