ജാഗ്രത കൈവിടരുത്! മോഡി ഭരണത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയുണ്ട്; മോഡിയെ പരിഹസിച്ച് രാഹുല്‍

മോഡി ഭരണത്തിന്‍ കീഴില്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നെന്ന പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: മോഡി ഭരണത്തിന്‍ കീഴില്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നെന്ന പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാനയിലെയും രാജസ്ഥാനിലെയും വോട്ടെടുപ്പ് കഴിഞ്ഞാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മോഡി ഭരണത്തില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു.

മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രങ്ങള്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയതെന്ന വാര്‍ത്തയെ തുടര്‍ന്നാണ് രാഹുലിന്റെ പരിഹാസം. മധ്യപ്രദേശിലെ വോട്ടെടുപ്പ് യന്ത്രങ്ങള്‍ വിചിത്രമായാണ് പെരുമാറുന്നത്, ചിലര്‍ ബസ് തട്ടിയെടുക്കുകയും രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷമാകുകയും ചെയ്തു. വേറെ ചിലരെ മദ്യപിച്ച നിലയില്‍ ഹോട്ടലില്‍ നിന്ന് കണ്ടെത്തി. മോഡി ഭരണത്തില്‍ ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയാണുള്ളത് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കി

മാത്രമല്ല രണ്ട് സംസ്ഥാനങ്ങളിലെയും പോളിങ് ബൂത്തുകളില്‍ വിജയം ഉറപ്പാക്കാന്‍ എല്ലാ പരിശ്രമവും നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Exit mobile version