അവൾ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും; പ്രതികൾ നിരപരാധികൾ: അധിക്ഷേപിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി: ഹാഥ്രാസ് പെൺകുട്ടിയെ അപമാനിച്ച് ബിജെപി നേതാവ്. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയെ സ്വഭാവദൂഷ്യമുള്ളവളെന്ന് അധിക്ഷേപിച്ചാണ് ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടിയെ അധിക്ഷേപിക്കുന്നതിനോടൊപ്പം മേൽജാതിക്കാരായ പ്രതികൾ നാലുപേരും നിരപരാധികളാണെന്നും ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത്ത് ബഹാദൂർ ശ്രീവാസ്തവ അവകാശപ്പെട്ടു.

പെൺകുട്ടിക്ക് കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുമായി ബന്ധമുണ്ടായിരുന്നു. അവൾ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും.ഇതൊക്കെ ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ വന്നതാണെന്നും ശ്രീവാസ്തവ പറഞ്ഞു.

ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയിൽ കാണുന്നത്. ചോളപ്പാടത്തും കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെൽ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല? ബിജെപി നേതാവിന്റെ വിവാദ പരാമർശം തുടർന്നതിങ്ങനെ. കസ്റ്റഡിയിലെടുത്ത നാല് പേരേയും വിട്ടയയ്ക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. അവർ നാല് പേരും നിരപരാധികളാണെന്നും അവരെ ഇപ്പോൾ മോചിപ്പിച്ചില്ലെങ്കിൽ ആ ചെറുപ്പക്കാർ മാനസികമായി തകരുമെന്നും ശ്രീവാസ്തവ പറഞ്ഞു. അവർക്ക് നഷ്ടമാകുന്ന യുവത്വം ആര് തിരിച്ചുനൽകുമെന്നും ഇയാൾ ചോദിച്ചു.

അതേസമയം, വിവാദപ്രസ്താവന നടത്തിയ ശ്രീവാസ്തവ 44 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇതിനുമുമ്പും മനുഷ്യത്യരഹിതമായ പരാമർശങ്ങൾ നടത്തി വിവാദങ്ങളിൽപ്പെട്ടയാളാണ് ഇയാൾ. ഇയാൾ ഒരു പാർട്ടിയിലും നേതാവായിരിക്കാൻ യോഗ്യനല്ലെന്നും നോട്ടീസ് അയക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അറിയിച്ചു.

Exit mobile version