പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാക്കുന്ന സമരങ്ങള്‍ പാടില്ല: സുപ്രീകോടതി

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാക്കുന്ന സമരങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. പൊതുയിടങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

സമാധാനപൂര്‍വമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച കോടതി വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ പൊതുയിടങ്ങള്‍ തടസപ്പെടുത്തി സമരം നടത്താന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.ജനാധിപത്യവും എതിര്‍പ്പും ഒരുമിച്ചു പോകേണ്ടതാണ്. എന്നാല്‍ സമരങ്ങള്‍ പ്രത്യേകമായി അനുവദിച്ച മേഖലകളില്‍ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പോലീസ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

റോഡുകളിലെ തടസം നീക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. പൊതുയിടങ്ങളിലെ സമരം ഒഴിപ്പിക്കാന്‍ ഭരണകൂടം കോടതിയുടെ ഉത്തരവിനായി കാത്തുനില്‍ക്കേണ്ടതില്ല. അധികാരികള്‍ വീഴ്ച വരുത്തിയാല്‍ കോടതിയുടെ ഇടപെടല്‍ ക്ഷണിച്ചു വരുത്തുമെന്നും കോടതി പറഞ്ഞു.സ്വാതന്ത്ര്യ സമര കാലത്ത് കൊളോണിയല്‍ വാഴ്ചയെ എതിരിടാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Exit mobile version