മാനുഷിക്ക് പിന്‍ഗാമിയാകാന്‍ തമിഴ് സുന്ദരി അനുക്രീതി! ലോകസുന്ദരി പട്ടത്തിനായി ചൈനയിലേക്ക്

. 2018ലെ ലോകസുന്ദരി മത്സരത്തില്‍ മാറ്റുരയ്ക്കാനുള്ള ഇന്ത്യയുടെ പ്രതിനിധിയാണ് അനുക്രീതി.

ചെന്നൈ: ഇന്ത്യയ്ക്ക് അഭിമാനമായി 17 വര്‍ഷത്തിനുശേഷം പ്രിയങ്ക ചോപ്രയ്ക്ക് ഒരു പിന്‍ഗാമിയായി മാനുഷി ഛില്ലാര്‍ ഉണ്ടായതു പോലെ ഇന്ത്യയിലേക്ക് വീണ്ടും ലോകസുന്ദരി പട്ടം എത്തുമോയെന്ന് കാത്തിരിക്കുകയാണ് 120 കോടി ജനങ്ങള്‍. 2017ല്‍ മാനുഷി ഛില്ലാര്‍ ലോകസുന്ദരിയായി ഇന്ത്യയിലേക്ക് കിരീടമണിഞ്ഞു വന്നതു തന്നെയാണ് മിസ് ഇന്ത്യ അനുക്രീതി വാസിനും പ്രചോദനമായത്. 2018ലെ ലോകസുന്ദരി മത്സരത്തില്‍ മാറ്റുരയ്ക്കാനുള്ള ഇന്ത്യയുടെ പ്രതിനിധിയാണ് അനുക്രീതി.

തമിഴ്‌നാട്ടില്‍നിന്നുമുള്ള ഇരുപതുകാരിയാണ് അനുക്രീതി വാസ്. മിസ് വേള്‍ഡ് 2018 മത്സരത്തിലെ അവസാന 30 പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടതോടെ മാനുഷിയുടെ കൈകളില്‍നിന്ന് കിരീടം ഏറ്റുവാങ്ങുന്നത് താനായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മിസ് ഇന്ത്യാ പട്ടം ലഭിച്ച അനുക്രീതി വാസ്.

സൗന്ദര്യം മാത്രമല്ല, ബുദ്ധിശക്തിയിലെ കൂര്‍മ്മതയും കൂടിയാണ് അനുക്രീതിയെ മിസ് ഇന്ത്യ പട്ടത്തിലേക്ക് നയിച്ചത്. വിജയം മികച്ച അധ്യാപകരാണെങ്കില്‍ പരാജയമോ മത്സരത്തില്‍ അനുക്രീതിയോട് വിധികര്‍ത്താക്കള്‍ ചോദിച്ചത്. ചോദ്യത്തിന് വിവേകപൂര്‍ണ്ണവും വ്യക്തവുമായ ഉത്തരമായിരുന്നു അനുക്രീതി നല്‍കിയത്. പരാജയമാണ് മികച്ച അധ്യാപകന്‍. കാരണം നിങ്ങള്‍ ജീവിതത്തില്‍ തുടര്‍ച്ചയായി വിജയിക്കുകയാണെങ്കില്‍ ഒരു പോയിന്റില്‍ എത്തുമ്പോള്‍ നിങ്ങള്‍ സംതൃപ്തരാകുകയും നിങ്ങളുടെ വളര്‍ച്ച അവസാനിക്കുകയും ചെയ്യുന്നു. പക്ഷേ നിങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെങ്കില്‍ ലക്ഷ്യത്തിലെത്തുന്നതുവരെ നിങ്ങള്‍ പരിശ്രമിച്ചുകൊണ്ടെയിരിക്കും എന്നായിരുന്നു അനുക്രീതിയുടെ മറുപടി.

ഇന്ത്യയില്‍ ആദ്യമായാണ് ഒലീവ് സ്‌കിന്‍ ടോണുള്ള സുന്ദരി മിസ്സ് ഇന്ത്യാ പട്ടത്തിന് അര്‍ഹയാകുന്നത്. അറിയപ്പെടുന്ന ഒരു സൂപ്പര്‍ മോഡല്‍ ആകണമെന്നാണ് അനുക്രീതിയുടെ ഏറ്റവും വലിയ ആഗ്രഹം. ഫാഷന്‍ ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേക്കറാണ് അനുക്രീതിയുടെ ഇഷ്ട ഫോട്ടോഗ്രാഫര്‍. മിസ് ഇന്ത്യ മത്സരത്തില്‍ ഏവരേയും ആകര്‍ഷിച്ചത് അനുക്രീതിയുടെ പുഞ്ചിരിയാണ്. മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍ പട്ടം അനുക്രീതി നേടിയിരുന്നു.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഡിസൈനര്‍ റോക്കി സ്റ്റാര്‍ ആണ് ലോക സുന്ദരി പട്ടത്തിനായി മത്സരിക്കുന്ന സുന്ദരിയുടെ സ്റ്റൈലിസ്റ്റ് ആയി എത്തുന്നത്. മേക്കപ്പ്, വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവയിലെല്ലാം അനുക്രീതി മികച്ച തയാറെടുപ്പാണ് നടത്തിയിരിക്കുന്നതെന്ന് റോക്കി പറയുന്നു. തരുണ്‍ തഹിലിയാനി, അഭിഷേക് ഷര്‍മ, മോനിഷ ജെയ്സിങ്, നീത ലുല്ല, അബു ജാനി ആന്‍ഡ് സന്ദീപ് ഖോസ്ല, ഗൗരവ് ഗുപ്ത, ഫല്‍ഗുനി ആന്‍ഡ് ഷെയ്ന്‍ പീക്കോക്ക് തുടങ്ങി ഇന്ത്യന്‍ ഫാഷന്‍ രംഗത്തെ ഒന്നാം നിരക്കാരാണ് മിസ് വേള്‍ഡ് വാര്‍ഡ്റോബ് ഒരുക്കുന്നത്.

ഫാഷന്‍ രംഗത്ത് ഏറെ ശ്രദ്ധേയനായ ഗൗരവ് ഗുപ്തയുടെ ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ടോപ് മോഡല്‍ റൗണ്ടില്‍ അനുക്രീതി ധരിക്കുക. കഴിഞ്ഞ വര്‍ഷം മാനുഷി ഛില്ലറിനായി മിലേനിയം പിങ്ക് ഗൗണ്‍ ഒരുക്കിയ ഫല്‍ഗുനി ആന്‍ഡ് ഷെയ്ന്‍ തന്നെയാണ് ഇത്തവണ അനുക്രീതിയ്ക്കായി ഗൗണ്‍ ഒതുക്കുന്നത്. അനുക്രീതിയും ഫിനാലെയിലാണ് ഗൗണ്‍ ധരിക്കുക.

Exit mobile version