സംസ്ഥാനത്തെ ശല്യപ്പെടുത്താൻ ആരേയും അനുവദിക്കില്ല; രാഹുലിന്റെ കർഷക റാലിക്ക് നേരെ ഭീഷണി മുഴക്കി ഹരിയാന മുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കർഷകർ ഒന്നടങ്കം കാർഷിക ബില്ലിനെ എതിർക്കുന്നതിനിടെ കർഷകരെ പിന്തുണയ്ക്കുന്നവരെ ഭീഷണിപ്പെടുത്തി ഹരിയാന മുഖ്യമന്ത്രി രംഗത്ത്. കാർഷിക ബില്ലിനെതിരെയുള്ള ട്രാക്ടർ റാലിയുമായി ഹരിയാനയിലെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഭീഷണി മുഴക്കിയിരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കൈതൽ, പിപ്‌ലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ രാഹുൽ സംസാരിക്കാനിരിക്കേയാണ് ഖട്ടറിന്റെ ഭീഷണി.

”രാഹുൽ ഗാന്ധിക്ക് ഒന്നു ചെയ്യാനില്ല. അതുകൊണ്ടുതന്നെ സ്ഥലങ്ങൾ സന്ദർശിക്കാനും ഇതുപോലുള്ള ജോലികൾക്കും നിൽക്കുകയാണ്. രാഹുലിന്റെ സന്ദർശനത്തെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിയമവ്യവസ്ഥയെ ശല്യപ്പെടുത്താൻ ആരെയും അനുവദിക്കില്ല”- ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

നേരത്തേ രാഹുലിനെ ഹരിയാനയിൽ പ്രവേശിപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അനിൽ വിജ്ജും പറഞ്ഞിരുന്നു. പഞ്ചാബ് സർക്കാർ ആളുകളെക്കൂട്ടി ഹരിയാനയിലെ സമാധാനം നശിപ്പിക്കാൻ നേരത്തെയും ശ്രമിച്ചിരുന്നെന്നും ഇനി അത് അനുവദിക്കില്ലെന്നും വിജ്ജ് കൂട്ടിച്ചേർത്തിരുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മൂന്ന് കാർഷിക കരി നിയമങ്ങളും റദ്ദാക്കുമെന്ന് പഞ്ചാബിൽ കാർഷിക ബില്ലിനെതിരെയുള്ള മൂന്ന് ദിവസത്തെ ട്രാക്ടർ റാലിക്ക് ഫ്‌ലാഗ് ഓഫ് ചെയ്യവേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം, രാഹുലിന് പഞ്ചാബിൽ കർകരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വലിയ വരവേൽപ്പാണ് ഒരുക്കിയത്. കഴിഞ്ഞ മാസം പാർലമെൻറിൽ പാസായ കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസ് നിലപാട് ഉയർത്തിക്കാട്ടുകയാണ് കാർഷിക മേഖല സംരക്ഷണ ജാഥയുടെ ലക്ഷ്യം.

Exit mobile version