മാധ്യമങ്ങൾ വൈകാതെ പോകും, ഞങ്ങളൊക്കെ ഇവിടെ ഉണ്ടാകൂ: ജില്ലാ മജിസ്‌ട്രേറ്റ്

ലഖ്‌നൗ: വീണ്ടും യുപിയിൽ നിന്നും ആശങ്കപ്പെടുത്തുന്ന വാർത്ത. ഉത്തർപ്രദേശിലെ ഹഥ്രാസിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ദേശീയമാധ്യമങ്ങൾ വീഡിയോ സഹിതമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഹഥ്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലസ്‌കർ ഇന്ന് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചപ്പോഴാണ് ഭീഷണി മുഴക്കിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ‘മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ’ എന്നും പ്രവീൺ കുമാർ കുടുംബത്തിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

മൊഴി തിരുത്തണോ വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുകയാണ്.

അതേസമയം, കുടുംബത്തെ സന്ദർശിച്ച ശേഷം ജില്ലാ മജിസ്‌ട്രേറ്റ് പെൺകുട്ടിക്ക് കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകിയതായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പെൺകുട്ടിയുടെ ശവസംസ്‌കാരം നടത്തിയ ആളുടെ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും, ശവസംസ്‌കാരം നടത്തുമ്പോൾ പ്രദേശത്തെ സ്ത്രീകളും പെൺകുട്ടിയുടെ സഹോദരനും സ്ഥലത്തുണ്ടായിരുന്നുവെന്നും ജില്ലാമജ്‌സ്‌ട്രേറ്റ് പറഞ്ഞു.

ഇതിനിടെ, ഹഥ്രാസിൽ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് ഉത്തർപ്രദേശ് പോലീസ് പറയുന്നത്. ഫൊറൻസിക് പരിശോധനാറിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാൻ തക്കതായി ഒന്നുമില്ലെന്നാണ് പോലീസ് വാദം. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ ബീജം കണ്ടെത്താനായിട്ടില്ല. അതിനാൽ ബലാത്സംഗം നടന്നിട്ടില്ല എന്നാണ് പോലീസ് ഭാഷ്യം.

ഇതോടൊപ്പം, സ്ഥലത്ത് ആസൂത്രിതമായി ജാതിസംഘർഷം ഉണ്ടാക്കാൻ ചിലർ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇതോടെ, കേസിൽ വൻവഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്.

Exit mobile version