യെസ് ബാങ്ക് അഴിമതി; ഉടമ റാണാ കപൂറിന്റെ ലണ്ടനിലെ 127 കോടിയുടെ ഫ്‌ലാറ്റ് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ ലണ്ടനിലെ ഫ്‌ലാറ്റ് എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. ഈ ഫഌറ്റിന്റെ മതിപ്പ് 127 കോടി രൂപയാ(13.5 ദശലക്ഷം പൗണ്ട്)ണെന്നാണ് വിവരം. റാണാ കപൂറിന്റെ വസ്തുവകകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് നടപടി.

2017ൽ ആണ് റാണ കപൂർ ലണ്ടനിൽ ഈ വസ്തുവകകൾ വാങ്ങിയത്. റാണാ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് ക്രിയേഷൻസ് ജേഴ്‌സി ലിമിറ്റഡിന്റെ പേരിൽ 93 കോടി രൂപയ്ക്കായിരുന്നു ഇവ അന്ന് സ്വന്തമാക്കിയത്. അതേസമയം, ഈ വസ്തുവകകൾ വിവിധ വെബ്‌സൈറ്റുകളിൽ വിൽപ്പനയ്ക്ക് വെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. യെസ് ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ചിൽ സിബിഐ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വിവിധ ബാങ്കുകളിൽനിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതിൽ 31,000 കോടിയും വകമാറ്റിയെന്നുമാണ് റാണാ കപൂറിനെതിരായ ആരോപണം. സിബിഐ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ അന്വേഷണം ആരംഭിച്ചത്.

വ്യാജ കമ്പനികളുടെ വലിയ ശൃംഖലതന്നെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. പ്രൊമോട്ടർ കപിൽ വാധാവനുമായി ചേർന്ന് യെസ് ബാങ്കിലെ പണം കൈമാറുന്നതിൽ റാണ കപൂർ ഗൂഢാലോചന നടത്തിയെന്നും ഈ പണം അവസാനം റാണ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് അർബൻ വെഞ്ച്വർസ് ലിമിറ്റഡിൽ എത്തിയെന്നുമായിരുന്നു സിബിഐയുടെ പ്രധാന ആരോപണം.

Exit mobile version