സ്ത്രീ സംരക്ഷണത്തിന് യോഗി സർക്കാരിന്റെ പുതിയ പദ്ധതി; പ്രതികളെ നാണംകെടുത്താൻ ‘ഓപ്പറേഷൻ ദുരാചാരി’ ; ആന്റി റോമിയോ സ്‌ക്വാഡ് എല്ലാ ജില്ലകളിലേക്കും

Yogi | India News

ലഖ്‌നൗ: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയുടെ കാര്യത്തിൽ ഏറെ പിന്നോക്കാവസ്ഥയിലുള്ള യുപിയുടെ മുഖഛായ മാറ്റാൻ യോഗി സർക്കാർ പുതിയ പദ്ധതി അവതരിപ്പിക്കുന്നു. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനായി ‘ഓപ്പറേഷൻ ദുരാചാരി’ എന്ന് പേരിട്ട പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സർക്കാർ. സ്ത്രീകൾക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പൊതുജനങ്ങൾക്ക് മുന്നിൽ പരസ്യമായി പ്രദർശിപ്പിക്കുകയാണ് പുതിയ പദ്ധതിയിൽ ചെയ്യുന്നത്.

പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ തെരുവുകളിൽ സ്ഥാപിക്കും. പീഡനക്കേസുകളിൽ പ്രതിയാകുന്ന ആളുകളുടെ വിശദാംശങ്ങൾ പുറംലോകത്ത് അറിയാറില്ല. ഇത് ഒഴിവാക്കാനാണ് കുറ്റവാളികളുടെ പോസ്റ്ററുകൾ പതിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വനിതാ പോലീസുദ്യോഗസ്ഥർ മാത്രമാകും കൈകാര്യം ചെയ്യുക.

സ്ത്രീകൾക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നാൽ ബീറ്റ് ഇൻ ചാർജ്, സ്റ്റേഷൻ ഓഫീസർ, സർക്കിൾ ഓഫീസർ എന്നിവർ ഉത്തരവാദികളായിരിക്കുമെന്നും നടപടി സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കണ്ടെത്തി പിടികൂടാൻ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവർത്തനവും സംസ്ഥാനമൊട്ടാകെ ശക്തിപ്പെടുത്താനും യോഗി നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version