ദിവസവും അലക്കി കുളി, കഴിക്കുന്നത് ലളിതമായ സസ്യാഹാരം; രാജ്യത്താകെ പരക്കുമ്പോഴും ഈ ഗോത്ര വിഭാഗത്തില്‍ ഒരാള്‍ക്ക് പോലും കോവിഡില്ല, കണ്ടുപഠിക്കണമെന്ന് അധികൃതര്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും പ്രമുഖ ഗോത്രവര്‍ഗമായ താന ഭഗത് വിഭാഗത്തില്‍ ഒരാള്‍ക്ക് പോലും ഇതുവരെ വൈറസ് ബാധയുണ്ടായില്ല. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ ആദിവാസികള്‍ അഥവാ ഗോത്രവിഭാഗക്കാരില്‍ ഉള്‍പ്പെട്ടത് വെറും പത്ത് ശതമാനം മാത്രമാണ്.

ജാര്‍ഖണ്ഡില്‍ 3,481 കുടുംബങ്ങളിലായി 21,783 പേരാണ് ഈ ഗോത്രവിഭാഗത്തിലുള്ളത്. ഗാന്ധിയന്‍ തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് താന ഭഗത് വിഭാഗം. സാമ്പത്തിക സ്ഥിതിയില്‍ ഏറെ പിന്നാക്കാവസ്ഥയിലുള്ളവരാണ് ഗോത്രവിഭാഗക്കാര്‍.

ലളിതജീവിതം നയിക്കുന്ന ഇവര്‍ പാലിക്കുന്ന വൃത്തിയും വ്യക്തിശുചിത്വവുമാണ് ഇവരെ വൈറസില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഘടകമെന്നാണ് വിദഗ്ധാഭിപ്രായം. വിഭാഗത്തിലെ ഭൂരിഭാഗം പേര്‍ക്കും രണ്ടേ രണ്ട് വസ്ത്രങ്ങള്‍ മാത്രമാണ് സ്വന്തമായിട്ടുള്ളത്.

എല്ലാദിവസവും അലക്കി വൃത്തിയാക്കുന്ന ശീലം ഇവര്‍ക്കുണ്ട്. തീര്‍ത്തും സസ്യഭുക്കുകളായ വിഭാഗക്കാര്‍ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. യാത്രകള്‍ നടത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കയ്യില്‍ ഭക്ഷണം കരുതുന്ന ശീലവുമുണ്ടിവര്‍ക്ക്.

തലസ്ഥാനമായ റാഞ്ചിയില് നിന്ന് 40 കിലോമീറ്റര് അകലെയുള്ള ബരിദി ഗ്രാമമാണ് പതിറ്റാണ്ടുകളായി താന ഭഗത്തിന്റെ പ്രധാന ആവാസസ്ഥലം. ഇവരുടെ ജീവിതരീതിയാണ് പ്രധാനമായും ഇവരുടെ ആരോഗ്യത്തിന്റെയും രോഗപ്രതിരോധ ശേഷിയുടേയും പിന്നിലെ ഘടകം.

സാധാരണസമൂഹത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരാണ് ഇവര്‍. ഈ ജീവിതശൈലിയാവണം മഹാമാരിയില്‍ നിന്ന് ഇവരെ സംരക്ഷിക്കുന്നത്. ഭക്ഷണരീതിയും പ്രകൃത്യാലുള്ള ജീവിതവും ഇവരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
ഗോത്രവിഭാഗക്കാരുടെ രീതികള്‍ രോഗബാധയില്‍ നിന്ന് സംരക്ഷിക്കുന്ന വിധം മുഖവിലയ്‌ക്കെടുത്ത് സമൂഹത്തിലെ മറ്റുള്ളവരും ആരോഗ്യപരമായ ശീലങ്ങള്‍ പാലിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കോവിഡ് പോസിറ്റീവായ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത മാത്രമല്ല തൊഴില്‍ മന്ത്രി നന്ദ ഭോക്തയുള്‍പ്പെടെയുള്ളവര്‍ താന ഭഗത് ഉള്‍പ്പെടെയുള്ള ഗോത്ര വിഭാഗക്കാര്‍ പിന്തുടരുന്ന ജീവിതരീതിയേയും വൈറസിനെതിരെയുള്ള പ്രതിരോധത്തേയും അഭിനന്ദിച്ചിരുന്നു.

Exit mobile version