ദീപികയും സാറയും അടക്കമുള്ള നടിമാർ മുംബൈയിലേക്ക് തിരിച്ചു; നാളെ ചോദ്യം ചെയ്യൽ

മുംബൈ: എൻസിബി നിലപാട് കടുപ്പിച്ചതോടെ ബോളിവുഡിലെ മുൻനിരതാരങ്ങളിലേക്കും അന്വേഷണം. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച മുൻനിര താരങ്ങൾ മുംബൈയിലേക്ക് എത്തിത്തുടങ്ങി. ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് തുടങ്ങിയ പ്രമുഖ നടിമാരിലേക്ക് മയക്കുമരുന്ന് കേസ് അന്വേഷണം എത്തിയത് സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാറയും ദീപികയും രാകുൽ പ്രീതും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻസിബി നോട്ടീസ് അയച്ചത്.

മയക്കുമരുന്ന് കേസിൽ റിയ ചക്രവർത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതൽ താരങ്ങൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതിനിടെ, ദീപിക പദുക്കോണും ശ്രദ്ധ കപൂറും ഹാഷിഷ് പോലെയുള്ള ലഹരിമരുന്നുകൾ ആേവശ്യപ്പെട്ട് ചാറ്റിങ് നടത്തിയതിൻരെ വിവരങ്ങളും പുറത്തുവന്നിരുന്നു.

ദീപിക പദുക്കോൺ, സാറ അലി ഖാൻ എന്നിവരോട് വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് എൻസിബി. ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഗോവയിലായിരുന്ന നടിമാർ വ്യാഴാഴ്ച ഉച്ചയോടെ മുംബൈയിലേക്ക് തിരിച്ചു. സാറാ അലി ഖാൻ ഗോവയിൽനിന്ന് വിമാന മാർഗമാണ് മുംബൈയിലേക്ക് വരുന്നത്. അതേസമയം, ദീപിക പദുക്കോൺ ഗോവയിലെ ഹോട്ടലിൽനിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.ഷാക്കുൻ ബാത്രയുടെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ദീപിക ഗോവയിൽ തങ്ങിയിരുന്നത്.

അതിനിടെ, ഫാഷൻ ഡിസൈനർ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജർ ശ്രുതി മോദി, ടി.വി. താരങ്ങളായ അഭിഗെയ്ൽ, ഭാര്യ സനം ജോഹർ തുടങ്ങിയവർ വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരായി. നാല് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ സിമോണെയെ ഉച്ചയോടെ വിട്ടയച്ചു. അഭിഗെയ്‌ലിന്റെ വീട്ടിൽ എൻസിബി നടത്തിയ റെയ്ഡിൽ ചരസും പിടിച്ചെടുത്തു.

അതേസമയം, തനിക്ക് ചോദ്യം ചെയ്യലിനായുള്ള സമൻസ് ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട നടി രാകുൽ പ്രീത് സിങിനെ വെള്ളിയാഴ്ച ചോദ്യംചെയ്യുമെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. രാകുൽ പ്രീത് സിങിന് കഴിഞ്ഞ ദിവസം തന്നെ ഹാജരാകാൻ നോട്ടീസ് നൽകിയതാണെന്നും അവരുടെ പ്രതികരണം ലഭിച്ചില്ലെന്നും എൻസിബി ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Exit mobile version