കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ത്യയിലേയ്ക്കും തിരിച്ചും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി; പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി

റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഈ തീരുമാനം, സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികള്‍ക്കും അവധിക്ക് നാട്ടില്‍ വന്ന ശേഷം മടങ്ങിപ്പോകാനിരുന്ന പ്രവാസികള്‍ക്കും വലിയ തിരിച്ചടിയാകും. 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. മേയ് ആദ്യവാരം മുതല്‍ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്നാണ് റിപ്പോര്‍ട്ട്.

ജോലി നഷ്ടപ്പെട്ടവരടക്കം ഒട്ടേറെ മലയാളികളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഒപ്പം ആയിരക്കണക്കിന് മലയാളികളടക്കമുള്ളവര്‍ സൗദിയിലേയ്ക്ക് തിരികെപോകാനും കാത്തിരിക്കുന്ന വേളയിലാണ് വിലക്ക്. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version