കൊവിഡ് രോഗികൾക്കുള്ള ഓക്‌സിജന് റേഷൻ സമ്പ്രദായം; മഹാരാഷ്ട്ര സർക്കാരിന് എതിരെ ഡോക്ടർമാർ

മുംബൈ: കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന രോഗികൾക്കായുളള മെഡിക്കൽ ഓക്‌സിജൻ വിതരണത്തിന് റേഷൻ ഏർപ്പെടുത്തിയ മഹാരാഷ്ട്ര സർക്കാരിന്റെ നീക്കത്തിനെതിരെ ഡോക്ടർമാർ. സർക്കാരിന്റേത് ഞെട്ടിപ്പിക്കുന്ന തീരുമാനമായെന്ന അഭിപ്രായപ്പെട്ട ഡോക്ടർമാർ ലോകം ഇതുവരെ കാണാത്ത ഒന്നെന്നാണ് വിശേഷിപ്പിച്ചത്. ഇത് കൊവിഡ് മരണങ്ങൾ വർധിക്കാൻ കാരണമാകുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു.

തീരുമാനവുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിൽ നിന്ന് തങ്ങൾ പിന്മാറുമെന്നും എല്ലാ സ്വകാര്യ ആശുപത്രികളുടേയും പ്രവർത്തനം സർക്കാർ ഏറ്റെടുത്ത് നടത്തേണ്ടി വരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി പ്രദീപ് വ്യാസ് പുറത്തിറക്കിയ സെപ്റ്റംബർ 18ലെ സർക്കുലറിൽ മഹാരാഷ്ട്രയിലെ ഓക്‌സിജൻ ഉപയോഗം ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടി കൂടുതലാണെന്ന് സൂചിപ്പിച്ചിരുന്നു. കൊവിഡ് ഓക്‌സിജൻ വാർഡുകളിലും ഐസിയുവിലും പ്രവേശിപ്പിച്ച രോഗികളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു നിഗമനം.

സ്വകാര്യ ആശുപത്രികൾ വാണിജ്യതാല്പര്യങ്ങളുടെ പുറത്ത് രോഗികൾക്ക് അനാവശ്യമായി ഓക്‌സിജൻ നൽകുന്നത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഓക്‌സിജൻ ഉപയോഗം വാർഡുകളിൽ മിനിട്ടിൽ ഏഴ് ലിറ്റർ ഐസിയുവിൽ മിനിട്ടിൽ 12 ലിറ്റർ എന്ന തോതിലാണ് മഹാരാഷ്ട്ര സർക്കാർ ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നത്. ദിവസം 600 ടൺ എന്ന രീതിയിലാണ് ഓക്‌സിജൻ ഉപയോഗം. ഇതേ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ കുറച്ചുദിവസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ ഉത്പാദനശേഷിയെ മറികടക്കുമെന്നും സർക്കുലറിൽ പറയുന്നു. ദിവസേനയുളള മഹാരാഷ്ട്രയുടെ ഓക്‌സിജൻ ഉപയോഗ നിരക്കിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചതായി വ്യാസ് അറിയിച്ചു.

അതേസമയം, സർക്കാർ നടപടിയെ ഏറ്റവും ക്രൂരമെന്നാണ് മഹാരാഷ്ട്ര ഐഎംഎ പ്രസിഡന്റ് അവിനാഷ് ഭോണ്ഡവ്വേ വിശേഷിപ്പിച്ചത്. മിനിട്ടിൽ 20 ലിറ്റർ മുതൽ 80 ലിറ്റർ വരെ ഓക്‌സിജൻ വേണ്ടിവരുന്ന രോഗികളുണ്ട്. അതിനാൽ 712 ലിറ്റർ എന്ന രീതിയിൽ ഓക്‌സിജൻ ഉപഭോഗം നിജപ്പെടുത്താനുളള സർക്കാർ തീരുമാനം തികച്ചും അസംബന്ധമാണ്. കൊവിഡ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി ചർച്ച നടത്താതെയാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version