കോൺഗ്രസിൽ ചേരുന്ന കാര്യം പ്രിയങ്കയുമായി ചർച്ച ചെയ്തിട്ടില്ല; ഭരണകൂടത്തെ ഭയമില്ല, യുപി എന്റെ ജന്മനാടാണ്, തിരിച്ചുപോകും: ഡോ. കഫീൽ ഖാൻ

Kafeel Khan | India News

ന്യൂഡൽഹി: യുപിയിൽ നിന്നും ഉയർന്നുകേട്ട ഡോക്ടർ ഹീറോയുടെ പേരായിരുന്നു ഡോ കഫീൽ ഖാൻ എന്നത്. ഓക്‌സിജൻ ലഭിക്കാതെ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച 63കുട്ടികളുടെ വാർത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി ഓക്‌സിജൻ സിലിണ്ടർ എത്തിച്ച ഡോക്ടർ കഫീൽ ഖാനെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞുതുടങ്ങിയത്. എന്നാൽ സർക്കാരിനേറ്റ കളങ്കം ഡോക്ടറുടെ തലയിൽ കെട്ടിവെച്ച് വേട്ടയാടാനാണ് യോഗി സർക്കാർ തുനിഞ്ഞത്.

2020ലും കഫീൽ ഖാനെ യുപി സർക്കാർ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നീണ്ട ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ കഫീൽ ഖാൻ കുടുംബത്തോടൊപ്പം യുപി വിട്ട് രാജസ്ഥാനിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, യുപിയിലേക്ക് തിരിച്ചു പോവുകയാണ് തന്റെ ലക്ഷ്യമെന്ന് തുറന്നുപറയുകയാണ് ഈ ഡോക്ടർ. യുപി തന്റെ ജന്മനാടാണെന്നും അവിടേക്ക് പോകുന്നതിൽ നിന്നും തന്നെ ആർക്കും തടയാനാകില്ലെന്നും ഈ കഫീൽ ഖാൻ പറയുന്നു. മാതൃഭൂമിയോടായിരുന്നു ഡോക്ടറുടെ പ്രതികരണം. ജയിലിൽ ക്രൂരമായ മർദ്ദനം അനുഭവിച്ചെന്നും ഡോക്ടർ തുറന്നു പറയുന്നു.

കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തോട് ഇപ്പോൾ അക്കാര്യം തന്റെ ആലോചനയിലില്ലെന്നാണ് കഫീൽ ഖാൻ പ്രതികരിച്ചത്. കോൺഗ്രസിൽ ചേരുന്ന കാര്യം ഇപ്പോൾ എന്റെ ആലോചനയിലില്ല. അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. പ്രിയങ്ക ഗാന്ധി എന്നോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ മാത്രമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളു- കഫീൽ ഖാൻ പറയുന്നു.

സെപ്റ്റംബർ ഒന്നിന് മോചിപ്പിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മഥുര ജയിലധികൃതർ അന്ന് രാത്രിയായിട്ടും എന്നെ മോചിപ്പിച്ചിരുന്നില്ല. ഇതുവീട്ടുകാരെ ഭയപ്പടുത്തിയെന്നും അവരാണ് പ്രിയങ്കാ ഗാന്ധിയുമായി ബന്ധപ്പെട്ടതെന്നും കഫീൽ ഖാൻ പറയുന്നു. എന്റെ ജയിൽ മോചനം വൈകിപ്പിക്കരുതെന്ന് പ്രിയങ്ക പ്രസ്താവന ഇറക്കി. അതിനുശേഷം പ്രിയങ്കയാണ് വീട്ടുകാരോട് ജയ്പൂരിലേക്ക് പോകാൻ പറഞ്ഞതെന്നും ഇപ്പോൾ രാജസ്ഥാൻ പോലീസിന്റെ സുരക്ഷ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും കഫീൽ ഖാൻ പറയുന്നു.

യുപിയിലേക്ക് തിരിച്ചുപോകുകയാണ് തന്റെ ലക്ഷ്യം. അവിടെയാണ് എന്റെ വീട്. എന്റെ സഹോദരനും കുടുംബവും ഇപ്പോൾ അവിടെയുണ്ട്. എന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോകുന്നതിൽനിന്നും ആർക്കും എന്നെ തടയാനാവില്ല. മെഡിക്കൽ കോളേജ് സർവ്വീസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഞാൻ അധികൃതർക്ക് കത്തെഴുതിയിട്ടുണ്ട്. എന്നോടൊപ്പം സസ്‌പെന്റ് ചെയ്ത എട്ട് പേരെയും ജോലിയിൽ തിരിച്ചെടുത്തു. വകുപ്പ് തല അന്വേഷണത്തിൽ എനിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല. എന്നെ തിരിച്ചെടുക്കുന്നില്ലെങ്കിൽ ഞാൻ കോടതിയെ സമീപിക്കും. പക്ഷേ, ഭരണകൂടത്തെ ഞാൻ പേടിക്കുന്നില്ല. അവരെന്നെ വീണ്ടും ജയിലിലടച്ചേക്കാം. അതൊന്നും പക്ഷേ, എന്റെ തിരിച്ചുപോക്കിനെ തടയില്ല- ഡോക്ടർ പറയുന്നു.

Exit mobile version