‘ഹലോ ഉപമുഖ്യമന്ത്രിയാണ് വിളിക്കുന്നത്, മരുമകളെ സ്വത്ത് വില്‍ക്കാന്‍ അനുവദിക്കണം’; കുടുംബത്തെ പറ്റിച്ച 25കാരന്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്ന് പറഞ്ഞ് കുടുംബത്തെ വിളിച്ച് പറ്റിച്ച് സ്വത്തുതര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. വ്യാജ ഫോണ്‍ കോളാണ് എന്ന സംശയം തോന്നിയ കുടുംബക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ഖഡാക്കി ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നിലനിന്ന സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് വ്യാജ കോള്‍. പൂര്‍വ്വിക സ്വത്ത് വില്ക്കണമെന്ന നിലപാടിലായിരുന്നു മരുമകള്‍. എന്നാല്‍ ഇതിന് എതിരായിരുന്നു മറ്റു കുടുംബക്കാര്‍. അതിനിടെയാണ് അയല്‍വാസിയായ 25കാരന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ് എന്ന് പറഞ്ഞ് കുടുംബത്തെ വിളിച്ചത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് യുവാവ് കുടുംബത്തിലെ ഒരംഗത്തെ വിളിച്ചത്. ആസ്തി വില്ക്കാന്‍ അനുവദിക്കാനായിരുന്നു ഫോണിലൂടെ യുവാവ് ആവശ്യപ്പെട്ടത്. അജിത് പവാര്‍ എന്ന് പറഞ്ഞ് വിളിച്ച ആളെ കുറിച്ച് സംശയം തോന്നിയ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുടുംബത്തെ പേടിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് യുവാവ് പറയുന്നതെന്ന് പോലീസ് പറയുന്നു.

Exit mobile version