10 കോടി ഡോസ് കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യും; റഷ്യ ഇന്ത്യൻ കമ്പനിയുമായി ധാരണയിലെത്തി

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ സ്ഫുട്‌നിക് 5 പരീക്ഷിക്കാനും വിതരണം ചെയ്യാനും ഇന്ത്യൻ കമ്പനിയുമായി ധാരണയിലെത്തി. ഇതുപ്രകാരം ഇന്ത്യയിൽ 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. കൊവിഡ് വാക്‌സിൻ വിതരണത്തിന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡി ലാബോറട്ടറീസുമായാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തിയത്. അന്തിമ അനുമതി ലഭിച്ചാൽ വാക്‌സിൻ വിതരണത്തിന് എത്തിക്കുമെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രസ്താവനയിൽ വ്യക്തമാക്കി.

മനുഷ്യശരീരത്തിൽ ഉപയോഗിക്കാൻ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട വാക്‌സിൻ ആണ് സ്ഫുട്‌നിക്5 എന്നാണ് റഷ്യയുടെ അവകാശവാദം. നിലവിൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങൾക്കും അനുമതിക്കും ശേഷം 2020 അവസാനത്തോടെ വാക്‌സിൻ വിതരണം ആരംഭിക്കാനാവുമെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി.

സംയുക്തമായി വാക്‌സിൻ പരീക്ഷണം നടത്തുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച് ഇന്ത്യയിലെ റഷ്യൻ നയതന്ത്രപ്രതിനിധി കിറിൽ ദിമിത്രീവ് അടുത്തിടെ ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. കൊവിഡ് വാക്‌സിൻ നിർമാണം വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും സ്പുട്‌നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ദിമിത്രീവ് പറഞ്ഞു. വാക്‌സിൻ നിർമ്മാണത്തിൽ പങ്കാളിയാകാൻ നിരവധി രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version