അഞ്ച് മക്കളുണ്ടായിട്ടും വൃദ്ധസദനത്തിൽ തള്ളി; ഒടുവിൽ മനംനൊന്ത് 82കാരനായ പിതാവ് ചെയ്തത്

ചെന്നൈ: തന്റെ അഞ്ച് മക്കളും സംരക്ഷിക്കാൻ തയ്യാറാകാതെ വൃദ്ധസദനത്തിലാക്കിയതിൽ മനംനൊന്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ 82കാരൻ ജീവിതം അവസാനിപ്പിച്ചു. ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലെ വൃദ്ധസദനത്തിൽ അന്തേവാസിയായ കൊടുങ്ങയ്യൂർ സ്വദേശി തണികാചലമാണ് ആത്മഹത്യചെയ്തത്. വൃദ്ധസദനത്തിൽ വന്നതിന്റെ മൂന്നാംദിവസമായിരുന്നു ആത്മഹത്യ. അദ്ദേഹത്തിന് ഒരുമകനും നാലു പെൺമക്കളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യ നേരത്തേ മരിച്ചുപോയിരുന്നു.

എല്ലാ മക്കളും വിവാഹം കഴിഞ്ഞു കുടുംബമായി മാറിത്താമസിക്കുകയായിരുന്നു. ഇവരിൽ ആരും പ്രായമായ പിതാവിനെ ശുശ്രൂഷിക്കാൻ തയ്യാറായില്ല. ആരും തങ്ങളുടെയൊപ്പം താമസിക്കാനും തണികാചലത്തെ അനുവദിച്ചില്ലെന്ന് പോലീസ് പറഞ്ഞു. മകൻ വെങ്കടേഷാണ് തണികാചലത്തെ ഗുഡുവാഞ്ചേരിയിലെ സ്വകാര്യ വൃദ്ധസദനത്തിലാക്കിയത്. അവിടെ പിതാവിനു മാത്രമായി പ്രത്യേക മുറിയും സൗകര്യവുമൊരുക്കുന്നതിന് മകൻ കൂടുതൽ പണമടയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ, മക്കൾ ഉപേക്ഷിച്ചതിൽ അത്യന്തം മനോവിഷമത്തിലായ തണികാചലം വൃദ്ധസദനത്തിലെത്തിയതു മുതൽ ആരോടും സംസാരിച്ചിരുന്നില്ല. കഴിഞ്ഞദിവസം മുറിയിൽ കതകടച്ചിരുന്ന അദ്ദേഹത്തെ പകലെങ്ങും പുറത്തുകാണാതിരുന്നതോടെ സംശയം തോന്നി വാതിൽ തകർത്ത് നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version