‘ലോക്ഡൗണില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും എത്ര പേര്‍ക്ക് ജോലി നഷ്ടമായെന്നും മോഡി സര്‍ക്കാരിന് അറിവില്ല’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലേക്കുള്ള മടക്കയാത്രയില്‍ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് ഇല്ലെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എംപി. ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം ലോകം മുഴുവന്‍ കണ്ടു എന്നാല്‍ മോഡി സര്‍ക്കാര്‍ കണ്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്.

‘ലോക്ഡൗണില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും എത്ര പേര്‍ക്ക് ജോലി നഷ്ടമായെന്നും മോഡി സര്‍ക്കാരിന് അറിവില്ല. ഈ മരണങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കാത്തത് നിര്‍ഭാഗ്യകരമാണ്’ എന്നാണ് രാഹുല്‍ പറഞ്ഞത്. അതേസമയം യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനായി ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയെയും ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റിനേയും രംഗത്തിറക്കിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണില്‍ സ്വന്തം ഗ്രാമങ്ങളിലേക്കുള്ള മടക്കയാത്രക്കിടെ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കണക്കുകള്‍ ഇല്ലെന്നായിരുന്നു കേന്ദ്ര മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാറാണ് ലോക്ഡൗണ്‍ കാലത്ത് മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളേക്കുറിച്ചുള്ള കണക്കുകള്‍ ഇല്ലെന്ന് ലോക്‌സഭയെ അറിയിച്ചത്.

Exit mobile version