മയക്കുമരുന്ന് കേസ്: കർണാടക മുൻമന്ത്രിയുടെ മകൻ ആദിത്യയുടെ ബംഗ്ലാവിൽ സിസിബി റെയ്ഡ്; ഇയാൾ വിവേക് ഒബ്‌റോയ്‌യുടെ ബന്ധു

ബംഗളൂരു: കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച മയക്കുമരുന്ന് ബന്ധങ്ങളുടെ കണ്ണി തേടി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡ് തുടരുന്നു. കേസിൽ കർണാടകയിലെ മുൻ മന്ത്രിയുടെ മകന്റെ ബംഗ്ലാവിലാണ് സിസിബി റെയ്ഡ് നടത്തിയിരിക്കുന്നത്. മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ ഹെബ്ബാളിന് സമീപമുള്ള ബംഗ്ലാവിലാണ് സിസിബി സംഘത്തിന്റെ പരിശോധന.

കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആൽവ ഒളിവിൽപോയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിസിബി സംഘം റെയ്ഡ് നടത്തിയത്.ഹെബ്ബാൾ തടാകത്തോട് ചേർന്ന് നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ആദിത്യ ആൽവയുടെ ‘ഹൗസ് ഓഫ് ലൈഫ്’ എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ഇവിടെവെച്ച് ആദിത്യ ആൽവയും മറ്റു പ്രതികളും ചേർന്ന് മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായാണ് സിസിബിയുടെ കണ്ടെത്തൽ.

ആദിത്യ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയുടെ ബന്ധുവാണ്. കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരടക്കം ഒമ്പത് പ്രതികളെ സിസിബി അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version