രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ കാലത്ത് മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് കൈയ്യിലില്ല:കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക്ഡൗൺ കാലത്ത് മരിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് വിവരം ലഭ്യമല്ലെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ലോക്‌സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ നിരവധി കുടിയേറ്റ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നത് സർക്കാരിന് അറിയാമായിരുന്നോ എന്നും ഇതിന്റെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾ ലഭ്യമാണോ എന്നുമായിരുന്നു ചോദ്യം. എന്നാൽ ഇത്തരം വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടിയാണ് മന്ത്രാലയം നൽകിയത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ എന്തെങ്കിലും നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ നൽകിയിരുന്നോ എന്നും ചോദ്യമുണ്ടായിരുന്നു. എന്നാൽ അത്തരം വിവരങ്ങളൊന്നും സൂക്ഷിക്കാത്തതിനാൽ നഷ്ടപരിഹാരം നൽകുന്നതിനേക്കുറിച്ച് ചോദ്യം ഉദിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോക്ക്ഡൗൺ സമയത്ത് തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വാശ്രയ സംഘങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ, ആരോഗ്യപ്രവർത്തകർ, ശുചിത്വ തൊഴിലാളികൾ തുടങ്ങിയവരിലൂടെ രാജ്യം പ്രതികരിച്ചുവെന്ന് കേന്ദ്ര തൊഴിൽമന്ത്രി പറഞ്ഞു.

Exit mobile version