വി മുരളീധരനെ തള്ളി; സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയെന്ന് കേന്ദ്ര ധനമന്ത്രാലയം; ലോക്‌സഭയിൽ വിശദാംശങ്ങൾ ചോദിച്ച് യുഡിഎഫ് എംപിമാർ

ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പാർലമെന്റിൽ വർഷകാല സമ്മേളനത്തിന് തുടക്കം. ഇതിനിടെ, സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ ഉന്നത സ്വാധീനം ശ്രദ്ധയിൽപ്പെട്ടെന്ന പ്രസ്താവനയുമായി കേന്ദ്രധനമന്ത്രാലയം രംഗത്തെത്തി. അന്വേഷണത്തെ ബാധിക്കാതിരിക്കാൻ നടപടിയെടുത്തെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്‌സഭയിൽ അറിയിച്ചു.

സ്വർണ്ണം കടത്തിയത് നയതന്ത്രബാഗിലാണെന്ന് പറഞ്ഞ ധനസഹമന്ത്രി സ്വർണ്ണക്കടത്ത് നയതന്ത്രബാഗിൽ അല്ലെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദം തള്ളുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ യുഡിഎഫ് എംപിമാർ ധനമന്ത്രാലയത്തോട് രേഖാമൂലം ചോദിച്ചിട്ടുണ്ട്.

ഡൽഹി കലാപക്കേസിൻറെ അനുബന്ധ കുറ്റപത്രത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഉൾപ്പെടുത്തിയത് സംബന്ധിച്ച് ഇടത് എംപിമാർ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്ത്യ-ചൈന അതിർത്തി തർക്കം ഉന്നയിച്ച് മുസ്‌ലിം ലീഗ് എംപിമാരും ഇന്ത്യക്കാരെ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനി നിരീക്ഷിക്കുന്നത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷും അടിയന്തര പ്രമേയ നോട്ടിസ് നൽകി. ഇതും സ്പീക്കർ തള്ളി. പെട്ടിമുടി ദുരന്തം ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ഉന്നയിച്ചു. നഷ്ടപരിഹാരം നൽകിയതിൽ വിവേചനമെന്ന് ശൂന്യവേളയിൽ എംപി പറഞ്ഞു. അതേസമയം, രാജ്യസഭ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചേരുക.

രാജ്യം സൈന്യത്തിനൊപ്പമാണെന്ന സന്ദേശമാണ് എംപിമാർ നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. അതിർത്തി സംഘർഷം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പ്രതിപക്ഷം സൈന്യത്തിനൊപ്പമാണെന്നും എന്നാൽ സർക്കാരിന് പാർലമെന്റിനോട് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ എംപി പ്രതികരിച്ചു. വിവിധ വിഷയങ്ങളിൽ ചർച്ചയും പ്രധാന തീരുമാനങ്ങളും ഈ സമ്മേളനത്തിലുണ്ടാകുമെന്ന് നരേന്ദ്ര മോഡി പറഞ്ഞു. കൊവിഡിന് മരുന്ന് കണ്ടെത്തുംവരെ പ്രതിസന്ധി തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version