30 വർഷത്തെ അധ്വാനം; 3 കിലോമീറ്റർ നീളത്തിൽ കനാൽ ഒറ്റയ്ക്ക് വെട്ടിയുണ്ടാക്കി ഈ കർഷകൻ; ഗ്രാമത്തിലെ ജനങ്ങൾക്കും കാലികൾക്കും കൃഷിക്കും വെള്ളമെത്തിച്ച് ലോങ്കിയുടെ നന്മ

ഗയ: ബിഹാർ ഗയയിലെ തന്റെ ഗ്രാമത്തിലെ ജനങ്ങൾക്കും ജീവികൾക്കും ആവശ്യമായ വെള്ളമെത്തിക്കാൻ മലമുകളിൽ നിന്നും മൂന്ന് കിലോമീറ്റർ നീളത്തിൽ മുപ്പത് വർഷം കൊണ്ട് കനാൽ വെട്ടിയുണ്ടാക്കി ആ കർഷകൻ. ഒരു ആയുഷ്‌കാലത്തെ അധ്വാനമെന്ന പോലെ ഏറെ കഷ്ടപ്പെട്ട് ഒറ്റയ്ക്കാണ് ലോങ്കി ഭുയാനെന്ന ഈ കർഷകൻ ശുദ്ധജലം തന്റെ ഗ്രാമത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഗ്രാമത്തിൽ കൃഷിക്കാവശ്യമായ ജലം ലോങ്കി നിർമ്മിച്ച കനാലിലൂടെ ഇനി ഒഴുകിയെത്തും. മലമുകളിൽ നിന്ന് ഒഴുകി പോകുന്ന മലവെള്ളത്തെ കനാലിലൂടെ എത്തിക്കാനായി തൂമ്പകൊണ്ട് 30 വർഷവും മണ്ണ് കിളയ്ക്കുകയായിരുന്നു ഈ വയോധികനായ കർഷകൻ.

ബിഹാറിലെ ഗയ ജില്ലാ ആസ്ഥാനത്തു നിന്ന് 80 കിലോമീറ്റർ അകലെ ലത്വ പ്രദേശത്തെ കോത്തിലാവയാണ് ലോങ്കി ഭുയാനയുടെ ജന്മദേശമായ ഗ്രാമം. മലകളും കാടുകളും നിറഞ്ഞ ഈ പ്രദേശം മാവോവാദികളുടെ സങ്കേതം കൂടിയാണ്. കൃഷിയും കന്നുകാലി വളർത്തലുമാണ് കോത്തിലാവയിലെ ഗ്രാമീണരുടെ ജീവിതമാർഗം. സമീപത്തെ കാട്ടിൽ കാലികളെ മേയ്ക്കാനായി പോകാറുള്ള ലോങ്കി, കാലികൾ മേയുമ്പോൾ കനാൽ നിർമ്മാണത്തിനായി സമയം ചെലവിടുകയാണ് പതിവ്. ഗ്രാമീണരിൽ പലരും നഗരങ്ങളിലേക്ക് കുടിയേറിയെങ്കിലും തന്റെ നാട് ഉപേക്ഷിച്ച് പോകാതെ ലോങ്കി ഗ്രാമത്തിൽ കനാൽ നിർമ്മാണത്തിന്റെ തിരക്കിൽ മുഴുകുകയായിരുന്നു.

ലോങ്കി ഭുയാൻ 30 വർഷംകൊണ്ട് നിർമിച്ച കനാൽ ദാഹമകറ്റാനും കൃഷിക്ക് ജലസേചനത്തിനും സഹായകരമായെന്ന് ഗ്രാമവാസിയായ പാട്ടി മഞ്ജി പറയുന്നു. ഇത് അദ്ദേഹം സ്വന്തം ഗുണത്തിന് ചെയ്തതല്ലെന്നും ഒരു പ്രദേശത്തിന്റെ മുഴുവൻ നന്മയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ അധ്വാനമെന്നും പാട്ടി മഞ്ജി കൂട്ടിച്ചേർത്തു. ലോങ്കിയുടെ കഠിനാധ്വാനത്തെ കുറിച്ച് ജനം അറിയണമെന്നാണ് അധ്യാപകനായ രാംവിലാസ് സിങ് പ്രതികരിച്ചത്.

Exit mobile version