രണ്ട് മാസത്തിന് ശേഷം ധാരാവിയില്‍ വീണ്ടും കൊവിഡ് വ്യാപനം; വിനയായത് ആഘോഷ പരിപാടികളും കുടിയേറ്റ തൊഴിലാളികളുടെ മടക്കവും

മുംബൈ: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ധാരാവിയില്‍ വീണ്ടും കൊവിഡ് വ്യാപനം. 55 ദിവസത്തിന് ശേഷം വെള്ളിയാഴ്ച 33 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു മാസമായി വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഇപ്പോള്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ ആദ്യഘട്ടത്തില്‍ ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതോടെ ജൂണ്‍ അവസാനത്തോടെ രോഗബാധിതരുടെ എണ്ണം പൊടുന്നനെ കുറയ്ക്കാനും സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കൊവിഡ് ബാധ കൂടുന്നത്. വ്യാപനത്തിന് ഇടയാക്കിയത് കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയതും വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതുമാണെന്നാണ് നിഗമനം.

ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യമായി രോഗം സ്ഥിരീകരിച്ച വ്യക്തി മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. നിലവില്‍ ധാരാവിയില്‍ 124 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2883 പേര്‍ക്ക് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചു. 270 മരണവും ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Exit mobile version