ആംഗ്യ ഭാഷയിലൂടെ വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചു; ബധിരരും മൂകരുമായ യുവദമ്പതികൾ തീകൊളുത്തി മരിച്ചു

ഹൈദരാബാദ്: സംസാരശേഷിയും കേൾവികുറവുമുള്ള യുവദമ്പതികൾ ആംഗ്യഭാഷയിലൂടെ തങ്ങൾ ജീവിതമവസാനിപ്പിക്കുകയാണ് എന്ന് അറിയിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട് ആത്മഹത്യചെയ്തു. തെലങ്കാനയിലെ നൽഗൊണ്ടയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഷെയ്ഖ് മസ്താൻ അലി(27), തെലങ്കാന നിസാമാബാദ് സ്വദേശി എൻ അശ്വനി (20) എന്നിവരാണ് മരിച്ചത്.

ആംഗ്യഭാഷയിൽ ഒരു സെൽഫി വീഡിയോ റെക്കോർഡ് ചെയ്ത് സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച ശേഷം ഇരുവരും തീകൊളുത്തി മരിക്കുകയായിരുന്നു. വീഡിയോയ്‌ക്കൊപ്പം ലൊക്കേഷനും സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന്റെ സഹായത്തോടെ പോലീസും സുഹൃത്തുക്കളും സ്ഥലത്തെത്തിയെങ്കിലും കത്തിയമർന്ന മൃതദേഹങ്ങളാണ് കണ്ടെത്താനായത്.

ഷെയ്ഖ് മസ്താൻ അലിയും അശ്വിനിയും ഇകൊമേഴ്‌സ് സ്ഥാപനത്തിലെ പാർക്കിംഗ് ഡിവിഷനിൽ ജോലി ചെയ്ത് വരികയായിരുന്നു. വിവാഹിതനായ അലിയുമായി അശ്വനി പ്രണയത്തിലാവുകയായിരുന്നു. ആറുമാസം മുമ്പ് യുവതിയെ കാണാതായതായി കുടുംബം ഹൈദരാബാദിലെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് ഇവർ ഹൈദരാബാദിലെ മെഹന്തി പട്ടണം ഏരിയയിൽ താമസിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.

ഈ പ്രണയബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തതിനാൽ ഇരുവരും വ്യത്യസ്ത ഇടങ്ങളിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് തിങ്കളാഴ്ചയോടെ ഇരുവരെയും കാണാതാവുകയായിരുന്നു. അശ്വിനിയെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.

അന്വേഷണം നടക്കെയാണ് ബുധനാഴ്ച രാത്രി ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരുമിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ച് വീഡിയോ പങ്കുവെക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് സുഹൃത്തുക്കൾ സംഭവ സ്ഥലത്തെത്തിയെങ്കിലും അതിനകം മരിച്ചുവെന്ന് കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Exit mobile version