പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറലിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്ന് ഉടന്‍ കണ്ടെത്തുമെന്നും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ലോകജനത.

എന്നാല്‍ ആ പ്രതീക്ഷയ്ക്ക് ചെറിയ രീതിയില്‍ മങ്ങലേല്‍ക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഓക്‌സ്ഫഡ് സര്വകലാശാല വികസിപ്പിച്ച വാക്‌സിന്‍ കുത്തിവച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. ഇതിനെത്തുടര്‍ന്ന് മരുന്ന് പരീക്ഷണം നിര്‍ത്തിവച്ചു.

ഇതിന് പിന്നാലെ കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍. ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്‌സ് കണ്ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്.

സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. വ്യക്തമായ കാരണം വിശദമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാല്‍ മുന്നോട്ടുപോകുമെന്നാണ് അവര്‍ വ്യക്തമാക്കിയിരുന്നത്.

Exit mobile version