പടികൾ കയറി കോടതിയിൽ എത്താനാകാതെ വയോധിക; വരാന്തയിലേക്ക് ഇറങ്ങിവന്ന് തീർപ്പ് കൽപ്പിച്ച് ജഡ്ജി; അഭിനന്ദനം

ഹൈദരാബാദ്: പ്രായാധിക്യത്താൽ പടികൾ കയറി മുകളിലുള്ള കോടതി മുറിയിലേക്ക് എത്താൻ സാധിക്കാതിരുന്ന വയോധികയ്ക്ക് വരാന്തയിൽ വെച്ച് കേസ് തീർപ്പാക്കി നൽകി ജഡ്ജിയുടെ നന്മ. തെലങ്കാനയിലെ ബുപാൽപള്ളി ജില്ലാ കോടതി ജഡ്ജി അബ്ദുൽ ഹസീമാണ് വരാന്തയിൽ വയോധികയുടെ പരാതിക്ക് തീർപ്പുണ്ടാക്കിയത്.

കേസ് വിളിച്ചപ്പോൾ വയോധിക കോടതി വരാന്തയിലിരിക്കുന്നുണ്ടെന്ന് ക്ലർക്കാണ് ജഡ്ജിയെ അറിയിച്ചത്. തുടർന്ന് അദ്ദേഹം വരാന്തയിലേക്ക് വരികയായിരുന്നു. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട കേസിനായാണ് വയോധികയായ സ്ത്രീ കോടതിയിലെത്തിയത്. എന്നാൽ, പടികൾ കയറാൻ സാധിക്കാത്തത് മൂലം വരാന്തയിൽ കാത്തിരിക്കുകയായിരുന്നു.

ജഡ്ജി അവരുടെ പരാതി കേൾക്കുകയും രണ്ട് വർഷമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു. മാർക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇന്ത്യയിൽ ഇതുപോലുള്ള ജഡ്ജിമാരുള്ളത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്ന് കട്ജു ഫേസ്ബുക്കിൽ കുറിച്ചു.

Exit mobile version